കൊണ്ടോട്ടി: കൊണ്ടോട്ടി പൊലീസ് നടത്തിയ റെയ്ഡില്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും ലക്ഷങ്ങളുടെ ചന്ദനം പിടികൂടി. മുണ്ടംപറമ്പ് പാഞ്ഞാട്ചാല് വളപ്പന്‍ റഷീദിന്റെ വീട്ടില്‍നിന്നാണ് നാലുലക്ഷം രൂപ വിലവരുന്ന 300 കിലോ ചന്ദനം പിടികൂടിയത്.റഷീദിന്റെ വീട്ടില്‍ ചന്ദനം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്. വീടിനകത്തും പുറത്തെ ഷെഡ്ഡില്‍നിന്നും ചന്ദനം കണ്ടെടുത്തു. ബുധനാഴ്ച പകല്‍ പന്ത്രണ്ടരയോടെ തുടങ്ങിയ റെയ്ഡ് രണ്ടുവരെ നീണ്ടു.
വീട്ടില്‍ റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞ റഷീദ് മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായി പൊലീസ് തീവ്രശ്രമത്തിലാണ്. ജില്ലയിലേക്ക് നേരത്തെ കൂടുതല്‍ ചന്ദനം കടത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
കൊണ്ടോട്ടി എസ്‌ഐ സദാനന്ദന്‍, എഎസ്‌ഐ സന്തോഷ്, വനിതാ പൊലീസ് തുളസി എന്നിവരുമടങ്ങിയ സംഘമാണ് ചന്ദനവേട്ട നടത്തിയത്.


