തിരുവനന്തപുരം: വെളളിമൂങ്ങയും ഇരുതല മൂരിയും നാഗമാണിക്യവുമൊക്കെയായി മലയാളികള്‍ പറ്റിക്കപ്പെടുന്നത് സ്ഥിരം വാര്‍ത്തകളാണ്. ലക്ഷങ്ങളാണ് ഈ തട്ടിപ്പില്‍ പലര്‍ക്കും നഷ്ടപ്പെടുന്നത്. കിടപ്പാടം വിറ്റ് വരെ ഇരുതല മൂരിയെ വാങ്ങി കൂത്ത് പാളയെടുത്ത മലയാളികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ മലയാളി മണ്ടന്‍മാരില്‍ പൊന്‍തൂവല്‍ ചാര്‍ത്തി മറ്റൊരു കോടീശ്വരനും കുടുങ്ങി
കുടം കൈവശം വച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്നു വിശ്വസിപ്പിച്ച് ഒരു കുടം നല്‍കി ഒരാള്‍ 48 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വ്യാജ ഇര്‍ഡിയം ലോഹത്തിന്റെ കുടങ്ങള്‍ നല്‍കിയാണ് ലക്ഷങ്ങള്‍ തട്ടിയത്. സംഭവത്തിലെ പരാതിയെ തുടര്‍ന്ന് പ്രതി നെടുമങ്ങാട് തെന്നൂര്‍ ഞാറനേലി ഇലഞ്ചിയൂര്‍ പുത്തന്‍വീട്ടില്‍ ജസീറിനെ (40) മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു.
പേരൂര്‍ക്കട സ്വദേശി പ്രശാന്ത് (ഗുരുജി), ഓയൂര്‍ സ്വദേശി സ്വാമി നാഥന്‍ എന്നിവര്‍ 2011 ല്‍ നല്‍കിയിരുന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. ഒരു കുടത്തിന് 48 ലക്ഷം രൂപ വിലയ്ക്കാണ് ഇയാള്‍ വിറ്റത്. ഇതിന് ശേഷം ഐശ്വര്യം ഉണ്ടാകാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇവര്‍. എന്നാല്‍, കുറേകാലം കാത്തിരുന്നിട്ടും കാര്യമായി ഐശ്വര്യം ഉണ്ടായില്ല, ഇതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. കുടം വാങ്ങുന്നതോടെ കയ്യിലുളള കോടികള്‍ ഇരട്ടിയാകുമെന്നായിരുന്നു വാഗ്ദാനം. മാര്‍ക്കറ്റില്‍ വെറും 1200 രൂപ വിലവരുന്ന കുടമാണ് 48 ലക്ഷത്തിന് വാങ്ങിയത്.
ഇതേ കേസില്‍ ജസീറിന്റെ ഭാര്യ നസീമയെ ഒരാഴ്ച മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. പേരൂര്‍ക്കട മുല്ലശ്ശേരി തടിക്കൂപ്പയില്‍ വ്യാജപേരില്‍ രഹസ്യമായി കഴിഞ്ഞു വരികയായിരുന്നു ജസീര്‍. സംസ്ഥാനത്ത് മറ്റുപല സ്റ്റേഷനുകളിലും വിവിധകേസുകള്‍ നിലവിലുള്ളതിനാല്‍ പുനലൂര്‍ സ്വദേശിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നാടു വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ജസീര്‍.
ജീപ്പില്‍ വ്യാജ ചാരായം കടത്തിയതിന് കഠിനംകുളം സ്റ്റേഷനിലും വ്യാജ ചെക്കുകള്‍ നല്‍കി പണം തട്ടിയതിന് പേരൂര്‍ക്കട സ്‌റ്രേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. മ്യൂസിയം സിഐശ്യാംലാലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ.ഐര്‍.എസ് ശ്രീകാന്ത്, എ. എസ്.ഐ ഉദയകുമാര്‍, സി.പി.ഒ മാരായ അജിത്ത്, ബാലജിത്ത്, വിപിന്‍, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ കോടതി റിമാന്റു ചെയ്തു.


