അപമാനിക്കപ്പെടുന്ന സ്‌ത്രീകള്‍ക്ക്‌ വേണ്ടിയാണ് പരാതിയെന്ന് മഞ്‌ജു വാര്യര്‍

ഫേസ്‌ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തി കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത്‌ അപമാനിക്കപ്പെടുന്ന സ്‌ത്രീത്വത്തിന്‌ വേണ്ടിയാണെന്ന്‌ മഞ്‌ജു വാര്യര്‍. മഞ്‌ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്‌തിപരമായ അധിക്ഷേപിച്ച പോലീസുകാരനെതിരെ നടപടിയുണ്ടായ പശ്‌ചാത്തലത്തിലാണ്‌ മഞ്‌ജുവിന്റെ പ്രതികരണം.
വ്യക്‌തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ള പരാതിയല്ല ഇത്‌. സമൂഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തന്നെ സ്‌ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണ്‌ പരാതി നല്‍കിയത്‌. സ്‌ത്രീകളെ ആര്‍ക്കും എന്തും പറയാമെന്ന പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണിതെന്ന്‌ മഞ്‌ജു പറഞ്ഞു.
എന്റെ ഫേസ്‌ ബുക്ക്‌ പേജില്‍ മോശമായ കമന്റുകള്‍ കാണാറുണ്ട്‌. എന്ത്‌ പോസ്‌റ്റ് ചെയ്‌താലും മോശം വാക്കുകളിലൂടെ വ്യക്‌തിപരമായി ആക്രമിക്കുന്നത്‌ അവരുടെ സംസ്‌കാരവും മനോവൈകൃതവുമാണെന്നേ കരുതിയിട്ടുള്ളൂ. പോലീസുകാരന്റെ മനോഭാവം ഇതാണെങ്കില്‍ പിന്നെ സ്‌ത്രീകള്‍ക്ക്‌ എവിടെയാണ്‌ സുരക്ഷിതത്വമെന്നും മഞ്‌ജു ചോദിക്കുന്നു.

മഞ്‌ജു വാര്യരുടെ പരാതിയില്‍ എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ രഞ്‌ജിത്തിനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പൊതുചടങ്ങില്‍ നടന്‍ സുരാജ്‌ വെഞ്ഞാറമ്മൂടിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനാണ്‌ രഞ്‌ജിത്‌ മഞ്‌ജുവിനെ വ്യക്‌തിഹത്യ ചെയ്യുന്ന രീതിയില്‍ കമന്റിട്ടത്‌.

Top