നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത തിങ്കളാഴ്ച് വൈകിട്ട് ആറരയോടെയാണ് പുറത്ത് വന്നത്. ജനപ്രിയനായകന്‍ അറസ്റ്റിലായ വാര്‍ത്ത കേരളക്കരയാകെ ഞെട്ടലോടെയാണ് കേട്ടത്. ഒപ്പം മഞ്ജുവും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്നായിരുന്നു മഞ്ജു വാര്യര്‍ പരസ്യമായി ആവശ്യപ്പെട്ടത്. പിന്നീട് അതില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. കേസ് അന്വേഷണം പള്‍സര്‍ സുനിയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതിയിരിക്കുമ്പോള്‍ ആയിരുന്നു മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതും മഞ്ജുവിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു.
ദിലിപിനെ അറസ്റ്റ് ചെയ്യുന്ന സമയം കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ ആയിരുന്നു മഞ്ജു വാര്യര്‍. ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത അറിഞ്ഞ് മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞതോടെ സംവിധായകന്‍ കമല്‍ സിനിമ ചിത്രീകരണം നിര്‍ത്തിവച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
14 വര്‍ഷം ദിലീപിന്‍റെ ഭാര്യയായി കഴിഞ്ഞ ആളാണ് മഞ്ജു.വിവാഹമോചനം നേടിയതിന് ശേഷം മഞ്ജുവും ദിലീപും കോടതിയില്‍ നിന്ന് തിരിച്ച് വരുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ദിലീപിന് കാര്യമായ ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. കണ്ണ് തുടച്ചുകൊണ്ടായിരുന്നു മഞ്ജു അന്ന് പുറത്ത് വന്നത്. വേര്‍പിരിഞ്ഞ് ഇപ്പോള്‍ രണ്ട് വര്‍ഷം ആകുന്നു. മഞ്ജുവിന് സിനിമയില്‍ അവസരങ്ങള്‍ നല്‍കരുതെന്ന് ദിലീപ് പലരോടും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ എന്തിന് മഞ്ജു വാര്യര്‍ കരഞ്ഞു എന്നാണ് പലരും ചോദിക്കുന്നത്. അതിന്‍റെ ഉത്തരം നല്‍കേണ്ടത് മഞ്ജു വാര്യര്‍ തന്നെയാണ്.


