ഫ്‌ളാറ്റ് വാഗ്ദാനം നല്‍കി മേത്തര്‍ ഗ്രൂപ്പ് പ്രവാസികളില്‍ നിന്ന് തട്ടിയത് കോടികള്‍; കമ്പനിക്കെതിരെ നിയമ നടപടിയുമായി ഗള്‍ഫ് മലയാളികള്‍

കൊച്ചി: ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനിയുടെ തട്ടിപ്പില്‍ പ്രവാസികള്‍ക്ക് നഷ്ടമായത് കോടികള്‍. കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ മറവില്‍ പ്രവാസി മലയാളികളെ പറ്റിക്കുന്നത് ഇതാദ്യമായെല്ലെങ്കിലും ഇത്തവണ കോടികള്‍ തട്ടിയത് പ്രമുഖ കമ്പനിയാണ്. കൊച്ചിയില്‍ നിരവധി ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ മേത്തറിനെതിരായാണ് നിരവധി പ്രവാസികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ 200 ഓളം പേരില്‍ നിന്നാണ് ലക്ഷങ്ങള്‍ കമ്പനി ഈടാക്കിയത്. പണം നല്‍കിയപ്പോഴുള്ള കരാര്‍ അനുസരിച്ച് 2010 ല്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് ഉടമകളുടെ വാദം. പ്രവാസികളില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കാനുള്ള മേത്തര്‍ കമ്പനിയുടെ പദ്ധതിയായിരുന്നു ഇതെന്ന് പ്രവാസികള്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mather 1മേത്തര്‍ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന കാക്കാനാടുള്ള എസ്പറന്‍സ 11 നില കെട്ടിടത്തിലെ 750 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഫ്‌ളാറ്റിന് വേണ്ടിയാണ് 25 മുതല്‍ 31 ലക്ഷത്തോളം രൂപ നല്‍കിയത്. 2007ല്‍ പദ്ധതി ആരംഭിച്ച് 2010ല്‍ ഉടമകള്‍ക്ക് ഫ്‌ളാറ്റ് നല്‍കുമെന്ന കരാര്‍ പ്രകാരമായിരുന്നു നിക്ഷേപകരില്‍ നിന്നു വന്‍തുക സമാഹരിച്ചത്.

യുഎഇ, സൗദി, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 2005 മുതല്‍ പണം നല്‍കിയിരുന്നു. 30 മാസം കൊണ്ട് നല്‍കേണ്ട ഫ്‌ളാറ്റുകള്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് നല്‍കിയില്ല. മലയാളികളെ കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരാതിക്കാരില്‍പ്പെടുന്നു. ഡല്‍ഹി സ്വദേശി ബിമല്‍ ഭാട്ട്യ ആറ് ഫ്‌ളാറ്റുകള്‍ക്കാണ് പണം നല്‍കിയത്. ഫ്‌ളാറ്റൊന്നിന് മാസംതോറും 25,000 രൂപ വാടക ലഭിക്കുമെന്ന് പറഞ്ഞാണ് മേത്തര്‍ തന്നെ സമീപിച്ചതെന്ന് അദ്ദേഹം പറയുന്നു.

ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിനി ഡോ.സാലി ജേക്കബ് 31 ലക്ഷം നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം കൂടി ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയതുകാരണം പിന്നീട് തരാമെന്ന് പറഞ്ഞു. തങ്ങളുടെ പദ്ധതിയില്‍ മലയാളികളായ രണ്ട് പ്രമുഖ വ്യവസായികള്‍ പണം മുടക്കിയിട്ടുണ്ടെന്നും കെട്ടിടത്തിലെ വ്യാപാര നിലയില്‍ റിലയന്‍സ് അടക്കമുള്ളവര്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയാണ് തങ്ങളെ പ്രലോഭിപ്പിച്ചിരുന്നതെന്നും ഇവര്‍ ആരോപിച്ചു.

ഇപ്പോള്‍ ഫ്‌ളാറ്റിനെ പറ്റി ചോദിക്കുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ പനക്കാട്ട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍, പ്രവാസി മന്ത്രി കെ.സി ജോസഫ് എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കിയ ശേഷം നിയമനടപടികള്‍ക്കായി തയ്യാറെടുക്കുകയാണ് പ്രവാസികളായ മലയാളികള്‍.

Top