മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്? കോൺഗ്രസിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസിൽ സംഘടനാതല പുനഃസംഘടനയ്ക്ക് സാധ്യത ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേര് മുൻനിരയിൽ ഉയരുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും സൂചന. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകളോടെയാണ് പുതിയ ചർച്ചകൾ സജീവമായത്.

സംസ്ഥാന കോൺഗ്രസിന്റെ ഭാവി നേതൃത്വം യുവജന സ്വീകാര്യതയുള്ളതും ആധുനിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളതുമായ ഒരാളുടെ കൈകളിൽ ഏൽപ്പിക്കണമെന്ന ശക്തമായ അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളിൽ ഉയരുന്നതെന്നാണ് വിവരം. അതോടൊപ്പം സാമൂഹിക-സാമുദായിക സമവാക്യങ്ങളും നിർണായക ഘടകമായി പരിഗണിക്കപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പരിഗണിച്ചതും മന്ത്രിസഭയിൽ മുന്നോക്ക ഹൈന്ദവ വിഭാഗങ്ങൾക്ക് വലിയ പ്രാതിനിധ്യം ലഭിച്ചതുമെത്തുടർന്ന് ലാറ്റിൻ ഉൾപ്പെടെയുള്ള വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ അസംതൃപ്തി ഉയർന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം സ്വീകാര്യത നേടിയ യുവമുഖമായ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാങ്കേതിക വിജ്ഞാനവും ലോകോത്തര അക്കാദമിക് പശ്ചാത്തലവും മികച്ച രാഷ്ട്രീയ ഇടപെടലുകളും ഒരുമിച്ചുള്ള നേതാവെന്ന നിലയിൽ മാത്യു കുഴൽനാടൻ കോൺഗ്രസിന്റെ പുതിയ തലമുറ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയിരിക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നു. യുവാക്കളെയും കർഷകരെയും കുടിയേറ്റ മേഖലയെയും ഒരുപോലെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ നേതൃസാന്നിധ്യമാണ് അദ്ദേഹമെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.
കെ സി വേണുഗോപാലിന്റെ ശക്തമായ പിന്തുണയും മാത്യു കുഴൽനാടന് ലഭിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാർട്ടി സംഘടനയെയും സർക്കാരിനെയും ഒരേ ദിശയിൽ മുന്നോട്ട് നയിക്കാൻ കഴിവുള്ള നേതാവാണ് മാത്യു കുഴൽനാടൻ എന്ന വിലയിരുത്തലും ശക്തമാകുന്നു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാർട്ടി നേതൃത്വവും സർക്കാരും പല വിഷയങ്ങളിലും വ്യത്യസ്ത നിലപാടുകളിൽ സഞ്ചരിച്ച അനുഭവം ആവർത്തിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ പ്രവർത്തകരെയും നേതൃത്വത്തെയും ജനങ്ങളെയും ഒരുപോലെ കൂട്ടിയിണക്കാൻ കഴിയുന്ന ശക്തനായ സംഘാടകൻ കെപിസിസിയുടെ തലപ്പത്ത് എത്തണമെന്ന ആവശ്യം ശക്തമാണ്. യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ പാർട്ടിയെ കൂടുതൽ ജനകീയമാക്കാനും യുവജനങ്ങളോട് കൂടുതൽ അടുപ്പിക്കാനും കഴിയുന്ന നേതാവായി മാത്യു കുഴൽനാടൻ ഉയർന്ന് വരുന്നത് കോൺഗ്രസിന് പുതിയ ഊർജം പകരുമെന്ന വിലയിരുത്തലാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.

Top