സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് വിജിലൻസ് നോട്ടീസ്. ഈ മാസം പത്താം തീയതി മൊഴി നൽകാനാണ് വിജിലൻസ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ മറ്റൊരു ദിവസം മൊഴിനൽകാനെത്താമെന്നാണ് കുമ്മനം രാജശേഖരൻ വിജിലൻസിന് മറുപടി നൽകിയിട്ടുള്ളത്.
ഇടനിലക്കാരനായി പ്രവർത്തിച്ച സതീഷ് നായർക്കും വിജിലൻസ് നോട്ടീസ് അയച്ചു. ഈ മാസം 24ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം.കേസുമായി ബന്ധപ്പെട്ട് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെപി ശ്രീശൻ, എകെ നസീർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ വ്യാഴാഴ്ച വിജിലൻസിന് മൊഴിനൽകും.
മെഡിക്കൽ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ ഷാജിയിൽനിന്നും ആർഎസ് വിനോദ് കോഴ വാങ്ങിയെന്നത് ബിജെപി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. കോഴ നൽകിയതായി ആരോപണമുള്ള വർക്കലയിലെ കോളേജുടമ ആർ ഷാജിക്കും വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. സ്വാശ്രയ കോളേജിന് മെഡിക്കൽ കോളേജ് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലൻസ് പരിശോധിക്കുന്നത്.


