ആദ്യമേ രതി താത്പര്യം അറിയിക്കും, എതിര്‍ത്താല്‍ മറച്ച് വയ്ക്കും. എന്നാ ഉദ്ദേശം വിടില്ല: വനിതാ എഴുത്തുകാര്‍ തുറന്നടിക്കുന്നു

എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും ഇടയിലെ സ്ത്രീവിരുദ്ധതക്കെതിരെയും സ്ത്രീ പീഡനത്തിനെതിരെയും തുറന്നെഴുതി ഒരു കൂട്ടം വനിതാ എഴുത്തുകാർ ഫേസ്ബുക്കിൽ എഴുതിയത്:

പൊതുവെ എല്ലാവരും കേട്ടിട്ടുള്ള ഒരു ചൊല്ലാണ് എഴുത്തുകാരന് പെണ്ണ് വീക്ക്‌നെസാണെന്നത്. ശാരീരികമായും മാനസികമായും പെണ്ണിനുനേരെ അക്രമം നടത്തുന്ന കപട എഴുത്തുകാരാണ് ഈ ചൊല്ലിന്റെ നിർമ്മാതാക്കൾ. ശ്രീജിത്ത് അരിയല്ലൂരിനേയും, അർഷാദ് ബത്തേരിയേയും (തുറന്നു പറയുക, പേരുകളിവിടെ കൂട്ടിച്ചേർക്കപ്പെടണം) പോലുള്ളവരുടെ അക്രമം ഇനി തുടരാൻ അനുവദിക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ഞങ്ങളെഴുതുന്നു..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങൾ സൗഭാഗ്യ ക്രിസ്റ്റ് സിയു, മൃദുല ഭവാനി, ആർഷ കബനി, അശ്വനി ആർ ജീവൻ , ജയലക്ഷ്മി കോലോത്ത്, നീതു എൻ കെ ആർ,ഗിരിജ പതേക്കര, ആതിര ധര, അശ്വതി എം.സുബ്രഹ്മണ്യൻ …..പേരെടുത്ത് പറഞ്ഞാൽ പറഞ്ഞുതീരാത്തത്രയും സ്ത്രീകൾ
ഒന്നിച്ചുനിന്നെഴുതുന്നു. ഈ ചൊല്ല് രൂപപ്പെട്ടുവന്നത് പലകാലങ്ങളിലൂടെയാണ്. എന്നാൽ ഇത് നിർമ്മിക്കപ്പെട്ടത് ഓരോ കാലഘട്ടത്തിലേയും ഒരു ചെറിയ വിഭാഗം എഴുത്തുകാരാലാണ്.

പ്രണയമില്ലാതെ സ്ത്രീശരീരത്തിലേക്ക് കടന്നുകയറ്റം നടത്തിയും, സ്ത്രീകളെ ട്രാപ് ചെയ്ത് സ്വന്തം വരുതിയിൽ നിർത്തിയും, അവളെ നിശബ്ദയാക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടാക്കി ഈ വിഭാഗക്കാർ പെണ്ണിനെ കാലങ്ങളായി ഉപയോഗിച്ചുവരുന്നു.
ചില എഴുത്തുകളോടും അതെഴുതിയ ആളോടും ലിംഗഭേദമന്യേ ആളുകൾക്ക് ആരാധന തോന്നാറുണ്ട്. എന്നാൽ ഇത്തരം അവസ്ഥയെയാണ് പല എഴുത്തുകാരും തന്റെ രതിതാൽപ്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത്. സാഹിത്യക്കൂട്ടായ്മകൾ, സാഹിത്യക്യാമ്പുകൾ എന്നു തുടങ്ങി പല ഇടങ്ങളിൽനിന്നും വായനക്കാരികളിൽ രൂപപ്പെടുന്ന ആരാധനയെ ഉപയോഗിച്ച് അവരെ കിടപ്പറയിലെത്തിക്കുന്ന സൂത്രശാലികളാണ് പല എഴുത്തുകാരും. ഇവിടെ പ്രണയമോ, സ്‌നേഹമോ ഇല്ല . ശരീരവും കാമവും മാത്രമാണ് ഇവരുടെ ലക്ഷ്യം.

രതി ലക്ഷ്യംവെച്ചുകൊണ്ടുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ ഇത്തരക്കാർ സ്ത്രീകളോട് ബന്ധം സ്ഥാപിക്കും. അതിലൊരുവഴി വളരെ സൗഹാർദപരമായി സ്ത്രീകളോട് ബന്ധം തുടങ്ങുന്നു എന്നതാണ്. അതിലൂടെ അവരെ ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്യും. ഇഷ്ടപ്പെട്ട എഴുത്തുകാരനെന്ന നിലയിൽ പലപ്പോഴും സ്ത്രീകൾ നിലവിലുള്ള സൗഹൃദത്തിന്റെ പുറത്ത് അവർ ഫോൺവിളിച്ചാൽ സംസാരിക്കുകയും, മെസേജുകൾക്ക് മറുപടി കൊടുക്കുകയും ചെയ്യും. ഇത്തരത്തിൽ അവർ ബന്ധം വളർത്തുകയും പിന്നീട് അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് വരുത്തിതീർക്കാനുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്യും. പിന്നെ നടക്കുക, തുറന്നരതി എന്നുപറയുന്നത് സ്വതന്ത്രചിന്തയുടെ ഭാഗമാണെന്നും , സ്വാതന്ത്ര്യം കണ്ടെടുക്കേണ്ടത് രതിയിലൂടെയാണെന്നുമുള്ള ബ്രയിൻ വാഷിങ് ആണ്.

ഇത്തരക്കാരുടെ പ്രണയത്തിൽ വിശ്വസിക്കുന്ന സ്ത്രീകൾക്ക് അവർ ഒരുക്കുന്ന വലിയ കെണി എന്നത് അവരുടെ നഗ്നചിത്രങ്ങൾ എടുക്കുക എന്നതാണ്. പുരുഷസമൂഹത്തിന്റെ നിയമവ്യവസ്ഥകൾ രൂപപ്പെട്ടതുമുതൽ പെണ്ണ് സ്വന്തം നഗ്നതയെ ഭയക്കാൻ തുടങ്ങിയിട്ടുണ്ട്. ശാരീരികവും മാനസികവുമായി മുറിപ്പെടുന്നതിലും അവരെ വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും സ്വന്തം നഗ്നത പ്രദർശിപ്പിക്കപ്പെടുമല്ലോ എന്ന ചിന്തയാകും. അവിടെ അവൾ ചൂഷണം ചെയ്യപ്പെട്ടു എന്നറിഞ്ഞിട്ടും എന്നന്നേക്കുമായി നിശബ്ദയാകേണ്ടിവരികയാണ്.

ആളുകളോട് അടുത്തിടപഴകുന്ന സ്ത്രീകളാണെങ്കിൽ ഇവരുടെ സമീപനം മറ്റൊരു തരത്തിലാകും. ഒരുതരത്തിൽ ആദ്യം സംസാരിക്കുമ്പോൾ തന്നെ ഇവർ രതിതാൽപ്പര്യം അറിയിക്കും. താൽപ്പര്യമില്ലെന്നു പറഞ്ഞാൽ ഇനി അങ്ങനെ ഒന്നും ഉണ്ടാവുകയില്ലെന്നും മാന്യമായ രീതിയിലെ ഇടപെടുകയുള്ളെന്നും ഉറപ്പ്തരും. ഈ ഒരുവാക്കിന്റെ പുറത്ത് ആദ്യം തോന്നിയ ഈർഷ്യയെ മറക്കുന്ന ആളുകളോട് വളരെ കാലത്തേക്ക് ഇവർ മാന്യമായ ബന്ധം തന്നെ തുടരും. ഇവിടെ അവസാനം എത്തിച്ചേരേണ്ട ലക്ഷ്യമായ രതി ഇവർ വിട്ടുകളയുകയില്ല. ഇത്തരക്കാർ ബോധപൂർവ്വം തന്നെ ഇവർ ലക്ഷ്യം വെക്കുന്ന സ്ത്രീകളെ നേരിട്ട് കാണാൻ ശ്രമിക്കും. സോഷ്യൽ മീഡിയവഴി കോൺടാക്റ്റ് ചെയ്തുകൊണ്ടിരിക്കും. നിരന്തരം വരുന്ന മെസേജുകൾക്ക് മറുപടി കൊടുത്താൽ അവർ ഇതും ബന്ധത്തിന്റെ തെളിവുകളെന്ന നിലയിൽ ശേഖരിച്ചുവെക്കും.പിന്നെ കാണാനുള്ള ശ്രമങ്ങളുണ്ടാവും.കാണുമ്പോഴൊക്കെ ഫോട്ടോകൾ എടുക്കാനുള്ള ശ്രമവും. ഇതൊക്കെ തെളിവുകളാണ്. പെണ്ണ് നേരിട്ട അപമാനവും ശല്യംചെയ്യലുകളും പറയാതിരിക്കാനുള്ള തെളിവുകൾ.

ചില സാഹിത്യകാരന്മാർ തങ്ങളെ പരിഗണിക്കാത്ത സ്ത്രീകളെ പൊതുവേദിയിൽ അപമാനിച്ചുതുടങ്ങും. അവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നതിനൊപ്പം തീർത്തും പരുഷമായ വാക്കുകളാൽ അടിച്ചമർത്താനും ശ്രമിക്കും. മിക്ക സാഹിത്യ ക്യാമ്പുകളും ,സാഹിത്യക്കൂട്ടായ്മകളും ഇത്തരക്കാരെ പരിപോഷിപ്പിക്കുന്നു. വായനയെ എഴുത്തിനെ സ്‌നേഹിക്കുന്ന ചെറിയപെൺകുട്ടികൾവരെ ഇവരുടെ ശല്യം സഹിക്കേണ്ടിവരുന്നു. സ്വതന്ത്ര്യ ചിന്താഗതിക്കാരായും, പൂരോഗമനവാദികളായും വാഴിക്കപ്പെടുന്ന ഇത്തരം ആളുകളെ സ്ത്രീകൾ തിരിച്ചറിയേണ്ടതുണ്ട്.

സ്ത്രീകൾ ഇതുവരെ പലതരത്തിൽ ഒതുക്കിവെച്ച, പലസാഹചര്യം കൊണ്ടും വെളിപ്പെടുത്താതെ പോയ അവരെ ആഴത്തിൽ വേദനിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ തുറന്നുപറയുന്നത്. സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ട അവസ്ഥയേയും അതിതുവരെ മൂടിവെക്കേണ്ടിവന്ന സാമൂഹിക സാഹചര്യത്തേയും തിരിച്ചറിയേണ്ടതുണ്ട്. ഈ അടുത്ത ദിവസങ്ങളിലായും, അതിനുമുൻപും ഞങ്ങളുമായി നേരിട്ടും, മെസഞ്ചറിലൂടെയും ,ഫോണിലൂടെയും ബന്ധപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങളിൽ നിന്നുകൂടിയാണ് ഇതെഴുതുന്നത്. അക്ഷരങ്ങളുടെ പേരിൽ ഇനിയെങ്കിലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടാതിരിക്കട്ടെ. പെണ്ണിനെ മാനസികവും, ശാരീരികവുമായി അക്രമിച്ചുകൊണ്ടല്ല എഴുത്തിനെ ഉത്തേജിപ്പിക്കേണ്ടതെന്ന ചിന്തയും എഴുത്തുകാർക്കുണ്ടാവട്ടെ.

പുതുതലമുറയിലെ എഴുത്തുകാരിലും , ഇനി എഴുതി തുടങ്ങാനുള്ള ആളുകളിലും, നിലവിൽ എഴുത്തിൽ നിലനിൽക്കുന്ന ആളുകളിലും എഴുത്തിന്റെ മൂല്യമാണ് വളർന്നുവരേണ്ടത്. ഒരു കൃതിയിലൂടെ എഴുത്തുകാരനിലേക്കല്ല, ആ കൃതിയുടെ ആശയത്തിലേക്കോ ,അതിന്റെ അനുഭവതലത്തിലേക്കോ ആണ് വായനക്കാർ എത്തിച്ചേരേണ്ടത്. എഴുത്തിൽ ചിലർ എടുത്തണിയുന്ന കാപട്യം നിറഞ്ഞ മുഖംമൂടികൾ വായനക്കാർ തിരിച്ചറിയേണ്ടതുണ്ട്. പെൺകുട്ടികൾ സാഹിത്യക്യാമ്പുകളിലുമറ്റും പങ്കെടുക്കുമ്പോൾ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുക. കാരണം ഇത്തരക്കാർ വലവിരിക്കുന്നത് പ്രത്യക്ഷത്തിലായിരിക്കില്ല. ഇനി പെൺകുട്ടികളോ, സ്ത്രീകളോഇത്തരക്കാരുടെ മാനസികമോ, ശാരീരികമോ ആയ ചൂഷണങ്ങൾക്ക് ഇരയാവാൻ പാടില്ല. അത്തരത്തിലുള്ള പക്വമായ സാമൂഹിക അവസ്ഥ ഇവിടെ നിർമ്മിക്കപ്പെടേണ്ടതുണ്ട്.

Top