#metoo വെളിപ്പെടുത്തല്‍ :ഗൗരീദാസന്‍ നായരെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങളുടെ മൗനം അതിശയിപ്പിച്ചു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ലൈംഗിക അതിക്രമത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ യാമിനി നായര്‍ പറയുന്നു…

പവിത്ര ജെ ദ്രൗപതി
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റെസിഡന്റ് എഡിറ്ററുമായിരുന്ന ഗൗരിദാസന്‍ നായര്‍ക്കെതിരെ മീടൂവിലൂടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മാധ്യമ പ്രവര്‍ത്തകയായ യാമിനി നായര്‍ കേരളത്തിലെ മാധ്യമങ്ങളുടെ മൗനം തന്നെ അതിശയിപ്പിച്ചെന്ന് പറയുകയാണ്. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യത്തിലും നിലപാടെടുക്കുന്ന, പ്രാധാന്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഗൗരിദാസന്‍ നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുന്നതെന്നാണ് യാമിനിയുടെ ചോദ്യം.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ വെച്ച് ഗൗരിദാസന്‍ നായരില്‍ നിന്നും ദുരനുഭവമുണ്ടായി എന്ന് ബ്ലോഗിലൂടെയാണ് യാമിനി നായര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയത്. ബ്ലോഗില്‍ പേര് പരാമര്‍ശിക്കാതെ ഇരുന്നിട്ടുകൂടി എല്ലാവരുടെയും വിരല്‍ ഗൗരിദാസന്‍ നായരുടെ നേര്‍ക്കായിരുന്നു. ബ്ലോഗിലെ പോസ്റ്റിന് താഴെ പലരും ഇക്കാര്യം വ്യക്തമാക്കി കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗൗരിദാസന്‍ നായര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നു.
‘എനിക്ക് മാത്രം ഉണ്ടായ ഒരു ദുരനുഭവമാണെന്നാണ് കരുതിയത്. പേര് വെളിപ്പെടുത്താതെ എഴുതിയിട്ടും നിരവധി പേര്‍ എന്നെ വിളിയ്ക്കുകയും ഇത് ഗൗരിദാസന്‍ നായര്‍ അല്ലേയെന്ന് ചോദിക്കുകയും ചെയ്തു. എന്റെ വെളിപ്പെടുത്തലിന് പിന്നാലെ കുറേ പേര്‍ എന്റെ സുഹൃത്തുക്കള്‍ വഴിയൊക്കെ ബന്ധപ്പെടുകയും അവരുടെ അനുഭവങ്ങള്‍ തുറന്ന് പറയുകയും ചെയ്തു. അപ്പോഴാണ് എനിക്ക് മാത്രമല്ല ഇത്തരത്തിലൊരു അനുഭവമെന്നും ഇത് ഇയാളുടെ സ്വഭാവത്തില്‍ ഉള്ളതാണെന്നും മനസിലായത്. അതെന്നെ ഞെട്ടിച്ചു- യാമിനി പറഞ്ഞു.
കഴിഞ്ഞ13 വര്‍ഷങ്ങളായി ഒരു വിധത്തിലുള്ള ബന്ധവും അദ്ദേഹവുമായിട്ടില്ല. വെളിപ്പെടുത്തലിന് ശേഷവും അതുണ്ടായില്ല. എന്നെ വിളിക്കാനോ ബന്ധപ്പെടാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല.. ഇത്രയും വര്‍ഷം മാധ്യമ മേഖലയില്‍ ആയിരുന്നല്ലോ.. അദ്ദേഹത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകും.. അദ്ദേഹത്തില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിട്ട കുറെപേരുമായി ഞാന്‍ സംസാരിച്ചു.. 17 വയസ്സുള്ളപ്പോള്‍ അയാള്‍ പീഡിപ്പിച്ച ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടുമുട്ടി.. അപ്പോളാണ് അദ്ദേഹത്തിന്റെ മുഖംമൂടിക്ക് പിന്നിലെ ശരിയായ മുഖം മുന്നില്‍ തെളിഞ്ഞത്. എന്നോട് പറഞ്ഞ പലരും അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടില്ല. എന്നിട്ടുകൂടി ഓരോ ദിവസവും ഇദ്ദേഹത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നുണ്ട്.
എല്ലാ കാര്യത്തിലും നിലപാടുകള്‍ ഉള്ള മലയാള മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ നിസംഗത കാണിക്കുന്നത് അതിശയിപ്പിച്ചുവെന്നും യാമിനി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയത്തില്‍ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ഞെട്ടിച്ചു. എന്താണ് അവര്‍ ഇങ്ങനെ കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും അവര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ മൗനം പാലിക്കുന്നുവെങ്കിലും വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നല്‍കുന്ന പിന്തുണ വലുതാണെന്ന് യാമിനി സാക്ഷ്യപ്പെടുത്തുന്നു. തന്റെ അനുഭവത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ കേരള ഘടകവുമായാണ്..അപ്പോള്‍ അവരെനിക്ക് നല്‍കിയ പിന്തുണ എനിക്ക് ഏറെ ധൈര്യം നല്‍കി. എന്റെ നിലപാട് വ്യക്തമാക്കി എനിക്ക് ഇപ്പോളും നില്‍ക്കാന്‍ കഴിയുന്നതിന് പിന്നില്‍ അവരാണ്. ഇതിലെ മിക്ക അംഗങ്ങളും എന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. എനിക്ക് ധൈര്യം പകര്‍ന്ന് അവര്‍ എന്റെ കൂടെത്തന്നെയുണ്ട്..അത് വളരെ വലിയ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്.
യാമിനി വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ യാമിനിക്ക് പിന്തുണയേകി സംഘടന പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
women in media
വനിതാ സംഘടനയുടെ ഇടപെടല്‍ ഒരു പ്രസ്താവനയില്‍ ഒതുങ്ങി. പത്രപ്രവര്‍ത്തന യൂണിയനും മറ്റ് മാധ്യമങ്ങളും ആരോപണങ്ങള്‍ അറിഞ്ഞ മട്ടില്ല. ഒരു മാധ്യമപ്രവര്‍ത്തകനെതിരെ ഒരു മാധ്യമ പ്രവര്‍ത്തക തന്നെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടും മൗനം പാലിക്കുന്ന മാധ്യമങ്ങളില്‍ നിന്നും ജനങ്ങള്‍ എന്ത് പ്രതീക്ഷിക്കാനാണ് എന്ന ചോദ്യം ഉയരുകയാണ്.
Top