പണമില്ല; ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ 5 ദിവസമായി മോർച്ചറിയില്‍

ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ അഞ്ചു ദിവസമായി മോർച്ചറിയിൽ. ഒഡീഷ സ്വദേശിയുടെയും, ബംഗാൾ സ്വദേശിയുടെയും മൃതദേഹങ്ങളാണ് ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ ബന്ധുക്കൾ ഏറ്റെടുക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. പണമില്ലാത്തതിനാൽ ഇനി എന്തുചെയ്യുമെന്നറിയാതെ ഒഡീഷ സ്വദേശിയുടെ ഭാര്യയും കുഞ്ഞും ആശുപത്രിയിൽ കഴിയുകയാണ്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഒഡീഷ സ്വദേശിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദലി എന്നയാളുടെ മൃതദേഹവും ആരും ഏറ്റെടുക്കാനില്ലാതെ മോർച്ചറിയിലുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി രണ്ട് പേരുടെയും മൃതദേഹം ജനറൽ ആശുപത്രിയിലാണ്. കൊച്ചിയിൽ ജോലിക്കെത്തിയ മുഹമ്മദലി മരണപ്പെട്ട വിവരം നാട്ടിലുള്ളവരെ അറിയിച്ചെങ്കിലും ആരും ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. പണമില്ലാത്തതിനാൽ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഇവരുടെ ബന്ധുക്കളും അറിയിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാൻ ആംബുലൻസിന് ഭീമമായ തുക നൽകേണ്ടി വരും. മൃതദേഹം നാട്ടിലെത്തിക്കാനായി ചില സന്നദ്ധ പ്രവർത്തകർ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും, ആംബുലൻസിന് പണം നൽകാനാകില്ലെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. സന്നദ്ധ സംഘടനകളുടെ സഹായത്താൽ എങ്ങനെയെങ്കിലും മൃതദേഹം ഇരുവരുടെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

Top