അമ്മയ്ക്ക് നല്‍കാന്‍ സഹപാഠിയുടെ കയ്യില്‍ ആത്മഹത്യ കുറിപ്പ് കൊടുത്തുവിട്ടു: 14കാരി എട്ടാം നിലയില്‍ നിന്നു ചാടി മരിച്ചു

മുംബൈ: അമ്മയ്ക്ക് കുറിപ്പെഴുതി അയച്ച് 14കാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. മുംബൈയിലെ കണ്ട്വിലിയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. മരിക്കുന്നതിന് ‘എനിക്ക് സുഖമില്ല, ഞാന്‍ ആത്മഹത്യ ചെയ്യുന്നു’ എന്ന കുറിപ്പെഴുതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

വൈകിട്ട് 4.30ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയാണ് കൗമാരക്കാരി കടുംകൈ ചെയ്തത്. തന്റെ അമ്മയ്ക്ക് നല്‍കണമെന്ന് അറിയിച്ച് സഹപാഠിയായ ഒരു ആണ്‍കുട്ടിയുടെ കൈയില്‍ പെണ്‍കുട്ടി ഒരു കുറിപ്പ് കൊടുത്തയക്കുകയും ചെയ്തു. എന്നാല്‍ പോകും വഴി ആണ്‍കുട്ടി ഈ കുറിപ്പ് തുറന്ന് വായിച്ച് പരിഭ്രാന്തനായി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്ത് ഓടിയെത്തി കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ഓടിയെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ 8ാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടിയിരുന്നു.

സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു പെണ്‍കുട്ടി. മിടുക്കിയായിരുന്ന കുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇതുവരെയും വ്യക്തമല്ല. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ മാസങ്ങള്‍ക്കുളളില്‍ ഇത് രണ്ടാമത്തെ കുട്ടിയാണ് ആത്മഹത്യ ചെയ്യുന്നത്. പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുന്നത് താഴെ ഉളളവര്‍ കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ്ഞ ദിവസം പ്രചരിച്ചത്.

Top