മിസോറാം ലോട്ടറി ഇനി കേരളത്തിൽ വിൽക്കില്ല

കേരളത്തില്‍ മിസോറാം ലോട്ടറി വില്‍പനയില്‍ നിന്ന് മിസോറാം സര്‍ക്കാര്‍ പിന്മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ മിസോറാം ലോട്ടറി നിരോധിച്ചതിനെതിരായ കേസ് ഹൈക്കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് മിസോറാം സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍. ഇനി സംസ്ഥാനത്ത് ലോട്ടറി വില്‍ക്കില്ലെന്ന് വ്യക്തമാക്കി മിസോറാം സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്‍കി. മിസോറാം ധനകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. നേരത്തെ മിസോറാം ലോട്ടറി കേരളത്തിലെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതോടെയാണ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നുവെന്ന് മിസോറാം സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ലോട്ടറിവില്‍പനക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മിസോറാം സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ലോട്ടറി വില്‍പന നിയമനാസൃതമാണെന്നും കേരള സര്‍ക്കാര്‍ മിസോറാം ലോട്ടറിക്കെതിരായി കൈക്കൊണ്ട നടപടി അന്യായമാണെന്നും ചൂണ്ടിക്കാട്ടി മിസോറാം സര്‍ക്കാര്‍ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കുക വരെ ചെയ്തിരുന്നു. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ നടത്തിയതിന് സമാനമായ ചട്ടലംഘനമാണ് മിസോറാം ലോട്ടറി നടത്തിയതെന്നായിരുന്നു കേരള സര്‍ക്കാര്‍ വാദം ഉന്നയിച്ചിരുന്നത്.

Top