എം.കെ രാഘവന്‍ കൂടുതല്‍ കുഴപ്പത്തില്‍..!! ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധയ്ക്ക് തയ്യാറെന്ന് ടിവി9 ചാനല്‍

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍ കൂടുതല്‍ കുഴപ്പത്തിലാകുകയാണ്. കോഴ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന വീഡിയോയിലെ ശബ്ദം ഡബ്ബ് ചെയതതാണെന്ന വാദത്തിനെതിരെ നിരവധിപ്പേര്‍ രംഗത്ത് വന്നിരിക്കുകയാണ്. അവസാനമായി ദൃശ്യങ്ങള്‍ പുറത്ത് വിട്ട ടി.വി 9 എഡിറ്റര്‍ വിനോദ് കാപ്രി നേരിട്ട് എം.കെ. രാഘവനെതിരെ രംഗത്തെത്തി.

കോണ്‍ഗ്രസ് എം.പി സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ടി.വി 9 എഡിറ്റര്‍ വിനോദ് കാപ്രി പറഞ്ഞു. ടി.വി 9 ഭാരത് വര്‍ഷിന്റെ സ്റ്റിംഗ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എം.കെ രാഘവന്റെതടക്കം ടി.വി 9 പുറത്തു വിട്ട 15 എം.പി സ്ഥാനാര്‍ത്ഥികളുടേയും വീഡിയോ ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്ന് കാപ്രി പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

കേന്ദ്ര ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിക്കും (സി.എഫ്.എസ്.എല്‍) തെരഞ്ഞെടുപ്പ് കമ്മീഷനും ദൃശ്യങ്ങള്‍ അയച്ചു കൊടുക്കാമെന്നും അദ്ദേഹം പറയുന്നു. സ്റ്റിങ്ങ് ഓപ്പറേഷനു പിന്നില്‍ സി.പി.ഐ.എം ആണെന്ന വാദവും അദ്ദേഹം തള്ളി.

ടി.വി 9 ഒളിക്യാമറയില്‍ 5 കോടി രൂപ രാഘവന്‍ ആവശ്യപ്പെടുന്നതും ദല്‍ഹിയിലുള്ള സെക്രട്ടറിയുടെ കയ്യില്‍ പണമായി തന്നെ ഏല്‍പ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പര്‍ തരാമെന്നും എം.പി പറയുന്ന ദൃശ്യമായിരുന്നു പുറത്തുവന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഘവന് 20 കോടി രൂപ ചെലവായെന്നും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വലിയ ചിലവാണെന്നും രാഘവന്‍ പറയുന്നു. എന്നാല്‍ രാഘവന്റെ തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് നല്‍കിയ കണക്കില്‍ കാണിച്ചത് 53 ലക്ഷം രൂപ മാത്രമായിരുന്നു.

പോസ്റ്റര്‍ അച്ചടി, ഹോഡിങ്ങ്സുകള്‍, ബാനറുകള്‍, റാലികള്‍ എന്നിവയ്ക്കും തെരഞ്ഞെടുപ്പ് ദിവസം മദ്യ വിതരണത്തിനും വലിയ ചെലവുകള്‍ ഉണ്ട്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 2 മുതല്‍ 5 കോടി രൂപ വരെയാണ് ലഭിക്കുകയെന്നും ബാക്കി പണം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താന്‍ തന്നെ സംഘടിപ്പിക്കണമെന്നും പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം എം.കെ രാഘവനെതിരെ നടന്നത് സി.പി.ഐ.എമ്മിന്റെ ഗൂഢാലോചനയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് ഇത് അവഗണിക്കാനുമാണ് യു.ഡി.എഫിന്റെ തീരുമാനം.

Top