മോദി അമിത്ഷാ അച്യുതണ്ട്; എതിർപ്പുമായി രണ്ടാം നിര ബിജെപി നേതാക്കൾ; അസംതൃപ്തർ ആർഎസ്എസിലും; തിരിച്ചടി ഗുജറാത്തിൽ നിന്നു തുടങ്ങും

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: രാജ്യത്ത് അസംതൃപ്തിയും വികസന മുരടിപ്പും സാമ്പത്തിക മാദ്യവും അനുഭവപ്പെടുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ മോദി – അമിത്ഷാ അച്യുതണ്ടിനെതിരെ ബിജെപിയിലും ആർഎസ്എസിലും എതിർപ്പ് ശക്തമാകുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും തൊഴിലില്ലായ്മയെയും ബാധിക്കുന്ന രീതിയിൽ നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതും ബാധിച്ചതായി ബിജെപിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിലോ, മറ്റു ബിജെപി നേതാക്കളോടോ ആലോചിക്കാതെ നിർണ്ണായക കാര്യങ്ങൾ പോലും തീരുമാനിക്കുന്ന മോദി അമിത് ഷാ ടീമിനെതിരെ ആർഎസ്എസിലും എതിർപ്പ് ശക്തമായിട്ടുണ്ട്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിക്കും, അമിത്ഷായ്ക്കും പകരം പുതിയ നേതൃനിരയെ കണ്ടെത്തണമെന്ന നിർദേശമാണ് ആർഎസ്എസ് നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്. ഗുജറാത്ത് മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾക്കു ശേഷം നാഗ്പൂരിൽ ചേരുന്ന ചിന്തൻ ബൈഠക്കിൽ വിഷയം ചർച്ച ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
അമിത് ഷായുടെയും മോദിയുടെയും ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ബിജെപിയിലെ യുവ നിര തന്നെ പ്രതിഷേധം ഉയർത്തുന്നുണ്ട്. പുതിയ നേതൃ നിരയെ വളർത്തിയെടുക്കാതെ വളർന്നു വരുന്നവരെ മുളയിലേ തന്നെ നുങ്ങുന്ന രീതിയാണ് ഇപ്പോൾ ബിജെപി തലപ്പത്തു നിന്നു കാണുന്നതെന്ന ആരോപണമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. കോൺഗ്രസ് സർക്കാരിന്റെ കൊടിയ അഴിമതിയും സ്വജന പക്ഷപാതവും മടുത്താണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ബിജെപിയ്ക്കു മൃഗീയ ഭൂരിപക്ഷം നൽകി രാജ്യത്ത് ജനങ്ങൾ അധികാരത്തൽ എറ്റിയത്. എന്നാൽ, ഈ ജനങ്ങൾക്കു പറയാനുള്ളത് എന്താണെന്നു കേൾക്കാൻ ഇന്ന് ബിജെപി നേതാക്കൾ തയ്യാറാകുന്നല്ലെന്നും വിമർശനമുണ്ട്.
എന്നാൽ, ആർഎസ്എസ് നയങ്ങൾക്കു അനുസരിച്ചു പ്രവർത്തിക്കേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചുവടുമാറ്റമാണ് ആർഎസ്എസ് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. ആർഎസ്എസിന്റെ ഹിന്ദുത്വ നയങ്ങൾ പൂർണമായും നടപ്പാക്കാൻ മോദി ഇനിയും തയ്യാറായിട്ടില്ലെന്ന വിമർശനമാണ് ആർഎസ്എസ് നേതൃത്വം ഉന്നയിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിക്കുന്നതിനു വേണ്ട നടപടികളെല്ലാം ആർഎസ്എസ് നേതൃത്വം ഒരുക്കിയിട്ടുണ്ട്. യുപിയിൽ ഭരണം ലഭിക്കുകയും ചെയ്തു. രാമക്ഷേത്ര നിർമ്മാണത്തെ പിൻതുണയ്ക്കുന്ന നിലപാടാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ രാമക്ഷേത്ര നിർമ്മിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top