ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ ബിസിനസ് നടത്തിപ്പ് അവതാളത്തിലായെന്ന് റിപ്പോർട്ടുകൾ. ബീഡി, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, ജ്വല്ലറി തുടങ്ങിയ ബിസിനസ് സംരഭങ്ങളിൽ തർക്കങ്ങളും പ്രശ്നങ്ങളും ഉടലെടുത്തതോടെയാണ് തിരിച്ചടിയുണ്ടായത്. നിഷാമിന്റെ പ്രധാന ബിസിനസ് സംരഭമായ കിങ്സ് ബീഡിയുടെ വിപണി തകർന്നെന്നും, റിയൽ എസ്റ്റേറ്റ് ബിസിനസിലെ പല പ്രൊജക്ടുകളും പാതിവഴിയിൽ നിലച്ചെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, നിലവിൽ ബിസിനസ് നോക്കി നടത്തുന്ന നിഷാമിന്റെ സഹോദരങ്ങൾ ബിസിനസ് സംബന്ധമായ ഒരു കാര്യങ്ങളും നിഷാമിനെയും ഭാര്യയെയും ഇപ്പോൾ അറിയിക്കാറില്ലെന്ന് റിപ്പോർട്ട്.
ബീഡി, റിയൽ എസ്റ്റേറ്റ്, ജ്വല്ലറി, ഹോട്ടൽ തുടങ്ങിയ നിരവധി ബിസിനസ് സംരഭങ്ങളുടെ ഉടമസ്ഥനാണ് മുഹമ്മദ് നിഷാം. ഏകദേശം 5000 കോടിയുടെ ബിസിനസ് സാമ്രാജ്യമാണ് നിഷാമിന്റെ ഉടമസ്ഥതിയിലുള്ളത്. ബിസിനസ് സംരഭങ്ങളുടെ നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തതോടെയാണ് ഇവയുടെ ഭാവി സംബന്ധിച്ച ആശങ്കകൾ ഉയർന്നിരിക്കുന്നത്. നിഷാമിന്റെ സഹോദരങ്ങളാണ് നിലവിൽ ബിസിനസ് നോക്കി നടത്തുന്നത്. അതേസമയം, ചന്ദ്രബോസ് വധക്കേസിന് പുറമേ കേരളത്തിനകത്തും പുറത്തുമായി നിഷാമിനെതിരെ അനവധി കേസുകളുള്ളതിനാൽ ജയിൽ മോചനം അടുത്തകാലത്തൊന്നും സാദ്ധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇതാണ് ബിസിനസ് പങ്കാളികളായ സഹോദരങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം.
നിഷാം ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയിലെ മാനജേർ പോലീസിൽ പരാതി നൽകിയിരുന്നു. നിഷാമിനെതിരെ സഹോദരങ്ങളും പോലീസിൽ പരാതി നൽകിതോടെ, തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നിഷാമും സഹോദരങ്ങൾക്കെതിരെ പരാതിപ്പെട്ടിരുന്നു. നിഷാമിന്റെ കിങ്സ് ബീഡിയുടെ വിപണി തകർന്നടിഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസിലെ പല പ്രൊജക്ടുകളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പണി പൂർത്തിയായ ഫ്ലാറ്റുകൾ വിറ്റഴിക്കാനാകാത്ത സ്ഥിതിയിലാണ്. ബിസിനസ് നോക്കി നടത്തുന്ന സഹോദരങ്ങളുമായി തർക്കം തുടരുന്നതും തിരിച്ചടിയായി. നിഷാമിന്റെ വിവിധ സ്ഥാപനങ്ങളുടെ പകുതി ഓഹരി സഹോദരങ്ങളുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഇതിനാൽ നിഷാമിന്റെ ഭാര്യയ്ക്ക് ബിസിനസ് കാര്യങ്ങളിൽ ഇടപെടാനാകാത്ത സ്ഥിതിയാണുള്ളത്.


