നേമം: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കേസില്‍ പത്തനംതിട്ട തിരുവല്ല കോഴിമല ലക്ഷം വീട് കോളനിയില്‍ കുരുവിക്കാട്ടില്‍ വിട്ടീല്‍ സിദ്ധാര്‍ഥ് എന്നുവിളിക്കുന്ന സോനു(26) വാണ് അറസ്റ്റിലായാത്. നേരം സ്വദേശിയായ പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഉപേക്ഷിച്ചെന്ന പരാതിയില്‍ അറസ്റ്റു ചെയ്തപ്പോഴാണ് സോനുവിന്റെ സ്ഥിരം പരിപാടിയാണ് ഇതെന്ന് വ്യക്തമായത്.
ഷോപ്പിങ് കോംപ്ലക്‌സുകള്‍ പോലുള്ള സ്ഥലങ്ങളില്‍ മുറിയെടുത്തശേഷം അവിടെ കടകളില്‍ ജോലിക്കു നില്‍ക്കുന്ന പെണ്‍കുട്ടികളുമായി അടുപ്പത്തിലാവുകയാണ് ഇയാളുടെ രീതി. കൂട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വിറ്റാണു ജീവിച്ചിരുന്നത്. പണം തീരുമ്പോള്‍ പെണ്‍കുട്ടികളെ ഉപേക്ഷിക്കുകയാണു പതിവ്. ഇയാള്‍ക്കെതിരെ നെടുമങ്ങാട്, തിരുവല്ല പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വശീകരിച്ച് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കൊണ്ടുപോയി താമസിപ്പിച്ചു പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. നേമം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി തിരിച്ചെത്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സോനു അറസ്റ്റിലായത്. ഈ മാസം 17 നാണ് പെണ്‍കുട്ടിയെ കാണാതായതായി നേമം പൊലീസില്‍ പരാതി ലഭിക്കുന്നത്.
ട്രെയിന്‍ മാര്‍ഗമാണ് ആന്ധ്രാപ്രദേശിലെത്തിച്ചതെന്നു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. നേരത്തെ ഇതുപോലെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചുവരവെയാണു നേമം സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാകുന്നത്. പെണ്‍കുട്ടി തിരിച്ചെത്തിയ ശേഷം ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതിനിടെ പാപ്പനംകോട്ട് തട്ടുകടയില്‍ ഇയാള്‍ ജോലിക്കെത്തിയതായി വിവരം ലഭിച്ചു. ഇതറിഞ്ഞെത്തിയ പൊലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.


