ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ച് ചൈന…

ചന്ദ്രനിൽ ചെടികൾ വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ചാണ് ചൈന പുതിയ നേട്ടം കൈവരിച്ചത്. ചൈനയുടെ പര്യവേഷണ വാഹനമായ ചാങ് ഇ-4 ലാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടിയിൽ പരുത്തി വിത്ത് ചന്ദ്രനിൽ എത്തിച്ചത്. പേടകം വിജയകരമായി ചന്ദ്രനിലിറങ്ങിയെന്നുള്ള വാർത്തകൾ പുറത്ത് വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ചെടി മുളച്ചതായുള്ള വാർത്ത രാജ്യം പുറത്തുവിട്ടത്.

ചൈനയിലെ ടെലിവിഷൻ മാധ്യമമായ സിജിടിഎൻ വിത്ത് മുളച്ചതിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചന്ദ്രനിൽ ജൈവ വളർച്ചാ പരീക്ഷണണങ്ങൾ മനുഷ്യർ നടത്തുന്നത് ആദ്യമായാണെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ചീ ജെൻചിൻ പറഞ്ഞു. ചോക്കിങ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ‘മിനി ലൂണാർ ബയോസ്പിയർ’ ഡിസൈൻ ചെയ്തത്.

18 സെന്റിമീറ്റർ നീളമുള്ള ടിന്നിൽ ആവശ്യത്തിന് മണ്ണും വെള്ളവും നിറച്ചശേഷം അതിൽ പരുത്തി വിത്തും ഉരുളക്കിഴങ്ങ് വിത്തും ചെറു പുഷ്പമായ അരാബിഡോപ്സിസ് വിത്തും നട്ടു. ടിന്നിനുള്ളിൽ ചെറിയ ക്യാമറയും വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണവും ഘടിപ്പിച്ചിരുന്നു. ടിന്നിനകത്ത് ചെറിയൊരു ട്യൂബ് ഘടിപ്പിച്ചിരുന്നു.

ചന്ദ്രന്റെ പ്രകാശം ടിന്നിന് അകത്തേക്ക് കടന്ന് പ്രകാശസംശ്ലേഷണം നടക്കാനായിരുന്നു ഇത്. പരുത്തി തൈ മുളച്ചതിന്റെ ചിത്രങ്ങളാണ് ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ലഭിച്ചത്. മറ്റു വിത്തുകളൊന്നും ഇതുവരെ മുളച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. 2013 ൽ നാസയും ചന്ദ്രനിൽ വിത്തുകൾ മുളയ്പ്പിക്കുന്നതിനുള്ള ദൗത്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. പുതുവർഷം പിറന്ന് ഏതാനും ദിവസങ്ങൾക്കു പിന്നാലെയാണ് ചന്ദ്രന്റെ മറുവശത്ത് ആദ്യമായി പര്യവേക്ഷണ വാഹനം ഇറങ്ങി ചൈന വാർത്തകളിൽ നിറഞ്ഞത്. ചന്ദ്രന്റെ വിദൂരഭാഗത്തേക്കു (ഫാർ സൈഡ്) ചൈന വിക്ഷേപിച്ച ചാങ് ഇ 4 ദൗത്യമാണ് വിജയകരമായത്.

Top