ന്യൂഡല്‍ഹി: വിവാഹത്തിനു തലേന്നാള്‍ കാമുകനെ മുറിയിലൊളിപ്പിച്ച യുവതിയെ മാതാവ് ശ്വാസം മുട്ടിച്ചുകൊന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നു യുവതി മരിച്ചെന്നു കാട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ക്കുണ്ടായ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. യുവതിയുടെ വിവാഹം ഇന്നു നടക്കേണ്ടതായിരുന്നു. ഇന്നലെ രാത്രി എന്തോ ശബ്ദം കേട്ട് യുവതിയുടെ മുറിയില്‍ കയറി നോക്കിയപ്പോഴാണ് കാമുകനെ അമ്മ കണ്ടെത്തിയത്.
കാമുകന്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അമ്മയും മകളും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കമുണ്ടായി. പിന്നീട് വാതിലടച്ചു പൂട്ടിയശേഷം തലയിണകൊണ്ടു മുഖത്ത് അമര്‍ത്തി ഇരുപതുകാരിയെ കൊല്ലുകയായിരുന്നു. വീട്ടില്‍നിറയെ അതിഥികളുള്ള സമയത്തായിരുന്നു സംഭവം. ഒത്തുകൂടിയവര്‍ അറിയാതിരിക്കാന്‍ മകള്‍ക്കു ഹൃദ്രോഗമുണ്ടെന്നും ശ്വാസം മുട്ടലാണെന്നുമാണ് മാതാവ് പറഞ്ഞത്. മകനെ വിളിച്ചുവരുത്തി ബന്ധുക്കളില്‍ ചിലരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവതിയുടെ അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും മാതാവിനെയും സഹോദരനെയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് കള്ളി പൊളിഞ്ഞത്.


