പൊളിറ്റിക്കൽ ഡെസ്‌ക്
ജിദ്ദ: ഉത്തരകോറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ശേഷം ലോകം കണ്ട മറ്റൊരു ഏകാധിപതിയാകാനൊരുങ്ങി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. ഭരണം സ്വന്തം കയ്യിൽ ഒതുക്കാൻ വേണ്ടിയൊരുക്കിയ കുതന്ത്രങ്ങളാണ് രാജാവിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്. കിമ്മിനു സമാനമായി കുടുംബാംഗങ്ങളെയും സഹോദരൻമാരെയും വരെ വെട്ടിയാണ് മുഹമ്മദ് ബിൻ രാജകുമാരൻ ഭരണം പിടിക്കാൻ മുന്നിൽ നിൽക്കുന്നത്. ഇതിനു വേണ്ടിയാണ് അടുത്തിടെ രൂപീകരിച്ച അഴിമതി വിരുദ്ധ സെല്ലിനെയും കിം ഉപയോഗിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സൗദി അറേബ്യയിൽ ഇന്ന് കിരീടവകാശി മുഹമ്മദ് ബിൻ സൽമാനാണ്. നിലവിലെ രാജാവ് സൽമാന്റെ മകൻ. എന്നാൽ ഇക്കഴിഞ്ഞ ജൂൺ വരെ അങ്ങനെ ആയിരുന്നില്ല. ജൂൺ 21നാണ് എല്ലാം മാറിമറിഞ്ഞത്. രാജകുടുംബത്തെ ഞെട്ടിച്ചുള്ള ആ പ്രഖ്യാപനം വഴിയാണ് മുഹമ്മദ് ബിൻ സൽമാൻ കിരീടവകാശിയായത്. ഇന്നിപ്പോൾ അദ്ദേഹം അടുത്ത രാജാവാകുമെന്ന ചർച്ച നടക്കുന്നു. പക്ഷേ, ജൂൺ 21 വരെ മറ്റൊരാളായിരുന്നു കിരീടവകാശി. അദ്ദേഹത്തിന്റെ പേരാണ് മുഹമ്മദ് ബിൻ നയിഫ് രാജകുമാരൻ.
ഇന്ന് അദ്ദേഹം എവിടെ എന്ന ചോദ്യം പ്രസക്തമാകുകയാണ്. പ്രത്യേകിച്ച് സൗദിയിൽ രാജകുടുംബങ്ങളെ അടക്കം നിരവധി പേരുടെ കൂട്ട അറസ്റ്റ് നടന്ന പശ്ചാത്തലത്തിൽ. മുഹമ്മദ് ബിൻ സൽമാൻ അധികാരം ഉറപ്പിക്കാൻ ആദ്യം പണി കൊടുത്ത വ്യക്തിയാണ് മുഹമ്മദ് ബിൻ നയിഫ്. സൽമാൻ രാജാവിന് ശേഷം രാജാവാകേണ്ട വ്യക്തി. ഇന്ന് അദ്ദേഹത്തെ കുറിച്ച് വാർത്തകൾ ഇല്ല. മാസങ്ങൾക്ക് മുമ്പ് വരെ സൗദിയുടെ എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്നു മുഹമ്മദ് ബിൻ നയിഫ്.
ജൂൺ 21നാണ് മുഹമ്മദ് ബിൻ നായിഫിനെ കിരീടവകാശി പദവിയിൽ നിന്ന് മാറ്റിയത്. ഈ പദവി മകൻ മുഹമ്മദ് ബിൻ സൽമാന് കൊടുത്തു സൽമാൻ രാജാവ്. പിന്നീട് മുഹമ്മദ് ബിൻ നായിഫിനെ പൊതുവേദികളിൽ കണ്ടിട്ടില്ല. അതുവരെ മാധ്യമങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ മുഹമ്മദ് ബിൻ നായിഫിനെ പറ്റി വിശദമായ വാർത്ത കൊടുത്തത് ന്യൂയോർക്ക് ടൈംസ് ആണ്. അതിൽ പറയുന്നത് അദ്ദേഹം തടവിലാണെന്നാണ്. ജിദ്ദയിലെ കൊട്ടാരത്തിൽ പുറത്തിറങ്ങാൻ സാധിക്കാത്ത രീതിയിൽ അദ്ദേഹത്തെ പാർപ്പിച്ചിരിക്കുകയാണെന്നായിരുന്നു റിപ്പോർട്ട്.
സൗദിയിലേയും അമേരിക്കയിലേയും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ന്യൂയോർക്ക് ടൈംസ് വാർത്ത നൽകിയത്. തടവിലാക്കുന്നതിന് തൊട്ടുമുമ്പ് വരെ സൗദിയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മേധാവിയായിരുന്നു മുഹമ്മദ് ബിൻ നയിഫ്. ഇദ്ദേഹം മാത്രമാണ് മുഹമ്മദ് ബിൻ സൽമാന്റെ മുന്നിൽ അധികാരത്തിന് തടസമായുണ്ടായിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച വാർത്തകൾ സൗദി വിദേശകാര്യ മന്ത്രാലയം തള്ളുകയായിരുന്നു. ആഭ്യന്തര മന്ത്രി പദവിയും ജൂൺ വരെ വഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് ബിൻ നയിഫ്. ഇന്ന് ആ പദവി വഹിക്കുന്നത് മുഹമ്മദ് ബിൻ സൽമാനാണ്.
എന്നാൽ മുഹമ്മദ് ബിൻ സൽമാനെ പിന്തുണയ്ക്കുന്ന രാജകുടുംബത്തിലെ ആളുകൾ പറയുന്നത് മറ്റൊന്നാണ്. മുഹമ്മദ് ബിൻ നയിഫ് സ്വയം തയ്യാറായി പിൻമാറുകയായിരുന്നുവെന്നാണ് അവർ പറയുന്നത്. രാജ്യത്തിന് യുവ നേതൃത്വം വരട്ടെയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും അവർ വ്യക്തമാക്കുന്നു. ഇന്ന് ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിൻ സൽമാനാണ്. കൂടാതെ അടുത്തിടെ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷനും മുഹമ്മദ് ബിൻ സൽമാൻ തന്നെ. മുഹമ്മദ് ബിൻ നയിഫിനെ പുറത്താക്കിയതാണെന്ന ആരോപണത്തെ ചെറുക്കാൻ നയിഫും മുഹമ്മദ് ബിൻ സൽമാരും ചുംബിക്കുന്ന ഫോട്ടോ പുറത്തുവിട്ടിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ.


