മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചാന്‍ പദ്ധതി ഇടുന്നതായി ഒരു സ്ത്രീയാണ് ഇമെയില്‍ സന്ദേശം അയച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് 23 പേരാണ് വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.
വിമാനറാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം ലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍, യാത്രക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടു.
മുബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഈ ഗൂഢാലോചനയില്‍ 23 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് കമ്മിഷണര്‍ക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഒരു യുവതിയാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇതാരാണെന്നു വ്യക്തമായിട്ടില്ല.
ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയടക്കമുള്ള രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി.സിങ് അറിയിച്ചു. കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ കര്‍ശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയുള്ള സ്ഥലങ്ങളില്‍ സിറ്റി പൊലീസിന്റെയും മറ്റ് ഏജന്‍സികളുടെയും സഹായവും തേടിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും മറ്റും പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്റ്‌സ് ബ്യൂറോയുടെ സഹായത്തോടെ സുരക്ഷ കര്‍കശമാക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കി കഴിഞ്ഞു.


