കൊച്ചി :കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്ക് ഒപ്പം നിന്ന പി.ടി. തോമസ് എംഎൽഎയെ അപായപ്പെടുത്താൻ നീക്കം. എംഎൽഎയുടെ കാറിന്റെ എല്ലാ ടയറുകളും ഇളക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.
കിഴക്കമ്പലത്തെ പരിപാടിയിൽ പങ്കെടുക്കാനായി എംഎൽഎ കാറിൽ പോകുമ്പോൾ വഴിയാത്രക്കാരനാണ് ടയർ ഊരിത്തെറിക്കാറായതു കണ്ടെത്തിയത്. ഇയാൾ കാർ തടഞ്ഞുനിർത്തി കാര്യം പറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിൽ കാറിന്റെ നാലു ടയറുകളും ഇളകി കിടക്കുന്നതായി കണ്ടെത്തി. എല്ലാ ടയറുകളും ബോധപൂർവം ആരോ അഴിച്ചുവച്ചതാണെന്നു വ്യക്തമായി. പ്രധാനപാതയിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപ് കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായി.
പി.ടി. തോമസ് ഇന്ന് പാലാരിവട്ടം പൊലീസിൽ പരാതി നൽകി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സജീവമായ ഇടപെടലാണ് തുടക്കംമുതലേ പി.ടി. തോമസ് നടത്തുന്നത്. സർക്കാരിനും മുഖ്യമന്ത്രിക്കും പൊലീസ് അന്വേഷണത്തിനും എതിരെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമിച്ചോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ പി.ടി. തോമസ് തയാറായിട്ടില്ല. നടി ആക്രമിക്കപ്പെട്ട ദിനം ആദ്യം മുതൽ കേസുമായി ബന്ധപ്പെട്ടതും പോലീസിന് വിവരങ്ങൾ നൽകിയതും പി.ടി .തോമസ് ആയിരുന്നു. സംവിധായകൻ ലാലുമായും ബന്ധപ്പെട്ട് കേസിന് തുമ്പുണ്ടാക്കാനും സുനിയുടെ കൂട്ടാളിയെ ആദ്യം അറസ്റ്റ് ചെയ്യാനും അത് പി.ടി.തോമസിന്റെ ഇടപെടൽ ആയിരുന്നു.


