ജോസഫിൻ്റെ മരണത്തിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഉടൻ..!! ചെറുപുഴ ഡവലപ്പേഴ്‌സ് നേതൃത്വം കുരുക്കിൽ

കണ്ണൂര്‍:  കെട്ടിടനിര്‍മാണ കരാറുകാരൻ ചെറുപുഴ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട്  ആരോപണവിധേയരായ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് സൂചന. ആത്മഹത്യാ പ്രേരണക്കുറ്റമായിരിക്കും പ്രതികളുടെ മേൽ ചുമത്തുക. ചോദ്യം ചെയ്യൽ പൂർത്തിയാകുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ജോസഫുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്ന ചെറുപുഴ ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരോട് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാകാന്‍ ചെറുപുഴ പൊലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറുപുഴ ഡവലപ്പേഴ്‌സിനു നേതൃത്വം നല്‍കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ സുരേഷ്‌കുമാര്‍, റോഷി ജോസ്, ടോമി പ്ലാച്ചേരി എന്നിവരെ കൂടാതെ പി.എസ് സോമന്‍, ടി.വി അബ്ദുല്‍സലീം, സി.ഡി സ്‌കറിയ, ജെ. സെബാസ്റ്റ്യന്‍ എന്നിവരോടും ഞായറാഴ്ച രാവിലെ ചെറുപുഴ സ്റ്റേഷനിലെത്തി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണു പൊലിസ് കരുതുന്നത്. മരിച്ച ജോസഫുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്ന വ്യക്തികളെയും പൊലിസ് നിരീക്ഷിക്കുന്നുണ്ട്.

ജോസഫിന്റെ കുടുംബാംഗങ്ങളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനാണു പൊലിസിന്റെ നീക്കം. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാര്‍ കഴിഞ്ഞ ദിവസം ചെറുപുഴയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രായം പരിഗണിച്ച് കെ. കുഞ്ഞികൃഷ്ണന്‍ നായരുടെ മൊഴി പോലീസ് വീട്ടില്‍ ചെന്ന് രേഖപ്പെടുത്തും. മറ്റുള്ളവര്‍ ചെറുപുഴ സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കെ. കരുണാകരന്‍ ട്രസ്റ്റിലെ മറ്റ് അംഗങ്ങളുടെ ഉള്‍പ്പെടെയുള്ള കൂടുതല്‍ പേരുടെ മൊഴികള്‍ അടുത്ത ഘട്ടത്തില്‍ രേഖപ്പെടുത്തും.

കരാറുകാരന്‍ എഴുതി സൂക്ഷിച്ച കണക്കുകളെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ജോസഫ് തന്റെ കീഴിലെ തൊഴിലാളികളോട് പണം ലഭിക്കാത്തതിന്റെ സങ്കടം പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. ജോസഫിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.

അതേസമയം, ജോസഫിന്റെ മരണം കൊലപാതകമാണെന്ന നിലപാട് കുടുംബാംഗങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. ഇതോടെ മരണത്തിന് പിന്നില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയടക്കം ചുമത്തിയാണ് നടപടികള്‍ പുരോഗമിക്കുക. ഇതിനിടെ കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ജോസഫിന്റെ സാമ്പത്തിക ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. തുകയെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കെ.പി.സി.സി നിയോഗിച്ച സമിതി ഞായറാഴ്ച ഇടപാടിന്റെ രേഖകള്‍ പരിശോധിക്കും.

Top