മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം എന്ന ചരിത്രം കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാണികളെ മറ്റേത് ചിത്രത്തേക്കാള്‍ കൂടുതല്‍ ആകര്‍ഷിക്കാനും ചിത്രത്തിന് ഇന്നും സാധിക്കുന്നു. 1984ല്‍ നവോദയയാണ് ചിത്രം പുറത്തിറക്കിയത്. ആദ്യത്തെ ത്രീഡി ചിത്രം എന്നതിലുപരി നിരവധി പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. സിനിമയില്‍ കുട്ടിച്ചാത്തനായി എത്തിയ കുസൃതിക്കാരന്‍ ഇന്ന് സിനിമയിലില്ല. അ പയ്യന്‍ വളര്‍ന്ന് ഇന്നൊരു വക്കീലായിരിക്കുന്നു. കാണണമെങ്കില്‍ ഏറണാകുളത്ത് ഹൈക്കോടതിവരെ ഒന്നു
എത്തണം. കറുത്ത കോട്ടും ഗൗണുമിട്ട് നമുക്ക് കുട്ടിച്ചാത്തനെ അവിടെ കാണാം. അഡ്വ. എംഡി രാമനാഥാണ് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറി ഇപ്പോള്‍ വക്കീല്‍ക്കുപ്പായത്തില്‍ ജീവിതം നയിക്കുന്നത്. തിരിച്ചറിയുന്നവര്‍ക്ക് മുന്നില്‍ പഴയ ഓര്‍മകള്‍ പങ്കുവെക്കാനൊന്നും അഡ്വ. രാമനാഥിനെ കിട്ടില്ല. പഴയ കുട്ടിച്ചാത്തന്റെ പേരുപറഞ്ഞ് ഇപ്പോഴും താരമായി നില്‍ക്കാന്‍ അവസരമുണ്ടെങ്കിലും അതില്‍ നിന്നൊക്കെ ഒഴിഞ്ഞ് മാറിയാണ് ഈ നടന്‍ ഇപ്പോള്‍ ജീവിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ എഴുതി കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോളിലൂടെയാണ് രാമനാഥന്റെ ചലച്ചിത്രപ്രവേശം. ആ ചിത്രത്തില്‍ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടുകയുണ്ടായി രാമനാഥ്. തുടര്‍ന്ന് മൈഡീയര്‍ കുട്ടിച്ചാത്തനിലും രാമനാഥ് മികച്ച ബലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടുകയുണ്ടായി. രണ്ട് ദേശീയ അവാര്‍ഡ് നേടിയിട്ടും അധികകാലം രാമനാഥ് സിനിമയില്‍ തുടര്‍ന്നില്ല. സത്യന്‍ അന്തിക്കാടിന്റെ കളിയില്‍ അല്‍പ്പം കാര്യം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ സിനിമ നടന്റെ പേരും പെരുമയൊന്നും രാമനാഥ് കൂടെ കൊണ്ടുനടക്കുന്നില്ല. അതുകൊണ്ട് തന്നെ ജീവിതം സ്വസ്ഥമെന്നും പഴയകുട്ടിച്ചാത്തന്‍ പറയുന്നു.


