അന്യഗ്രഹ ജീവികളുടെ ഫലകങ്ങള്‍; ഭൂമിയെ ആക്രമിക്കാന്‍ പദ്ധതി?

അന്യഗ്രഹ ജീവികള്‍ സജീവമായി ചര്‍ച്ചയാകുന്ന സമയമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചില ഫലകങ്ങളാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണമായത്. ആരാണ് സ്ഥാപിച്ചതെന്ന അറിയാനാകാതെ പ്രത്യക്ഷപ്പെടുന്ന ഫലകം പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്നുണ്ട്. ആദ്യം അമേരിക്കയിലെ യൂട്ടാ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട പ്രത്യേക ലോഹ സ്തംഭം പിന്നീട് അവിടെ നിന്നും അപ്രത്യക്ഷമായി.

ഇതിന് പിന്നാലെ മൈലുകള്‍ക്കിപ്പുറം റൊമേനിയയില്‍ സമാന സ്തൂപം പ്രത്യക്ഷപ്പെട്ടു. ശേഷം അവിടെ നിന്നും അപ്രത്യക്ഷമായി. ഒട്ടും വൈകാതെ തന്നെ മൂന്നാമത്തെ സ്തംഭം സെന്‍ട്രല്‍ കാലിഫോണിയ പര്‍വതനിരകളില്‍ പ്രത്യക്ഷപ്പെട്ടു. 10 അടി ഉയരമുള്ള ആ ലോഹ സ്തംഭവും കഴിഞ്ഞ ദിവസം അപ്രത്യക്ഷമായി. യൂട്ടാ മരുഭൂമിയില്‍ കണ്ടെത്തിയതുമായി സാമ്യമുള്ളതായിരുന്നു ഇതും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്തംഭം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അതും അര്‍ദ്ധരാത്രിയോടെ കാണാതാവുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂട്ടായിലെ സ്തംഭം നാല് പേര്‍ ചേര്‍ന്ന് നീക്കം ചെയ്യുന്നത് കണ്ടെന്ന് അവകാശപ്പെട്ട് ഫോട്ടോഗ്രാഫറായ റോസ് ബെര്‍നാര്‍ഡ്‌സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതാനും ഫോട്ടോകളും ഇദ്ദേഹം പുറത്തുവിട്ടിരുന്നു. യൂട്ടയിലെ സ്തൂപം തങ്ങള്‍ നീക്കം ചെയ്‌തെന്ന് അവകാശപ്പെട്ട് സാഹസികനും കായികാഭ്യാസിയുമായ ആന്‍ഡി ലൂയിസ് എന്ന 34 കാരന്‍ യൂട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

നവംബര്‍ 18നാണ് തെക്കന്‍ യൂട്ടായിലെ മരുഭൂമിയില്‍ കൂറ്റന്‍ അജ്ഞാത ലോഹ ശിലാ സ്തംഭം കണ്ടെത്തിയത്. മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകള്‍ക്ക് സമീപം മണ്ണില്‍ നിന്നും ഏകദേശം 12 അടി ഉയരത്തില്‍ കണ്ടെത്തിയ സ്തംഭത്തിന് ത്രികോണാകൃതിയാണുണ്ടായിരുന്നത്. ഹെലികോപ്ടര്‍ വഴി ബിഗ് ഹോണ്‍ ഷീപ്പുകളുടെ ( ഒരിനം ചെമ്മരിയാട് ) സര്‍വേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ മുന്നിലാണ് മരുഭൂമിയിലെ സ്തംഭം ശ്രദ്ധയില്‍പ്പെട്ടത്.

തിളക്കമാര്‍ന്ന ലോഹമാണ് സ്തംഭം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആ ലോഹം ഏതാണെന്ന് വ്യക്തമല്ല. സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്‌പേസ് ഒഡീസിയില്‍ ‘ ഇതുപോലൊരു സ്തംഭത്തെ കാണാം. ചിത്രത്തില്‍ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരില്‍ ആരെങ്കിലും നിര്‍മിച്ച് ഇവിടെ സ്ഥാപിച്ചതാകാനും ഇടയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്തൂപം അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചതാണെന്ന വാദവും സജീവമാണ്.

Top