രക്തസമ്മർദ്ദം നോർമലായി; പോലീസിന് മുന്നിലെത്താമെന്ന് നാദിർഷ; വേണ്ടെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് നാദിർഷ. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും, തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നാദിർഷ വ്യക്തമാക്കി. അതേസമയം, നാദിർഷയെ വെള്ളിയാഴ്ച വൈകീട്ട് ചോദ്യം ചെയ്യില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. നാദിർഷയുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് നാദിർഷ ആലുവ പോലീസ് ക്ലബിൽ ഹാജരായത്. എന്നാൽ, രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് നാദിർഷയെ ചോദ്യം ചെയ്യുന്നത് പോലീസ് ഉപേക്ഷിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് നാദിർഷ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. രാവിലെ 9.30ന് ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ തന്നെ നാദിർഷ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. നാദിർഷ അമിതമായി വിയർക്കുന്നുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാദിർഷ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ആലുവ പോലീസ് ക്ലബിലേക്ക് ഡോക്ടർമാരെ വിളിച്ചുവരുത്തിയിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ നാദിർഷയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് തന്നെയാണ് നാദിർഷയോട് ചികിത്സ തേടാൻ നിർദേശിച്ചത്. നാദിർഷയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ഉപേക്ഷിച്ചത്. രക്തസമ്മർദ്ദം കൂടിയ നിലയിലുള്ള ഒരാളെ ചോദ്യം ചെയ്യുന്നത് ഉചിതമാകില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ, ആശുപത്രിയിൽ ചികിത്സ തേടിയ നാദിർഷ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് താൻ ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചത്. വൈകീട്ട് നാലു മണിക്ക് ശേഷം പോലീസ് ആവശ്യപ്പെടുന്ന സ്ഥലത്ത് ഹാജരാകാമെന്നും, ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Top