ചോദ്യങ്ങള്‍ നേരിടാന്‍ നാദിര്‍ഷ എത്തി

നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യംചെയ്യല്‍. ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷായ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലെ സ്ഥിതിയില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യില്ല. ഇക്കാര്യം നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്തതിനുശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നാദിര്‍ഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന നിലപാടാകും സംഘം സ്വീകരിക്കുക. കേസില്‍ സാക്ഷിയാകാന്‍ നാദിര്‍ഷ ഒരുങ്ങിയില്ലെങ്കില്‍ പ്രതിയാക്കിയേക്കുമെന്നാണു വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തത നല്‍കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിര്‍ഷായുടെ മൊഴികളും പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായി. ഇതോടെ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തയാറെടുത്തിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കുന്നതിനായി മാറ്റിയ കോടതി, അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകണമെന്ന് നാദിര്‍ഷായോട് ആവശ്യപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top