മാതാപിതാക്കളെ അടക്കം നാല് പേരെ കൂട്ടക്കൊല ചെയ്ത നന്തന്‍കോട് സംഭവം കേരളത്തെ ആകെ ഞെട്ടിച്ചതാണ്.
പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുമായി ബന്ധപ്പെട്ട് നിരവധി അപസര്‍പ്പക കഥകളും പ്രചരിക്കപ്പെട്ടു. അതില്‍ മുന്നില്‍ ഉണ്ടായിരുന്നത് ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ സാത്താന്‍ സേവ ആയിരുന്നു.
ഇത്രയും ക്രൂരമായ കൊലയ്ക്ക് പിന്നിലെ കാരണം എന്തെന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. അതിനിടെ കേഡലിന് പ്രേരകമായ ആ സാത്താന്‍ എന്തെന്നത് സംബന്ധിച്ച് പുതിയ ചില സൂചനകള്‍ കൂടി പുറത്ത് വന്നിരിക്കുന്നു.
മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവായ സ്ത്രീയേയും അതിക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നു എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. കേഡല്‍ തന്നെ വെളിപ്പെടുത്തിയതാണ് ഇത്.
കേഡലിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് നാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആണ് കേഡലുള്ളത്.
ജില്ലാജയിലില്‍ തന്റെ കൂടെ സെല്ലിലുണ്ടായിരുന്ന സഹതടവ്കാരോടാണ് കേഡല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കേഡല്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നുവെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.
പുതിയ ഗെയിം കാണിച്ച് തരാം എന്ന് പറഞ്ഞ് വീടിന് മുകളിലെ നിലയിലേക്ക് വിളിച്ച് വരുത്തിയാണ് കേഡല്‍ നാലുപേരെയും മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്.
സാത്താന്‍ സേവയുടെ ഭാഗമായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് കേഡല്‍ ആദ്യം മൊഴി നടത്തിയത്. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന ആഭിചാര ക്രിയയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ സാത്താന്‍ സേവ.
എന്നാല്‍ പിന്നീട് കേഡല്‍ മൊഴി മാറ്റി.വീട്ടില്‍ നിന്നും നേരിട്ട അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നായി മൊഴി. എന്നാല്‍ അച്ഛന്റെ വഴിവിട്ട ജീവിതത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊല എന്ന് പിന്നീട് കേഡല്‍ മൊഴി മാറ്റി.


