സിനിമാക്കാരുടെ സംഘടന ‘അമ്മ’ പിളര്‍പ്പിലേക്ക്; പൃഥ്വിയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘടന?

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്കെന്ന് സൂചന. സംഘടനയിലെ വിഭാഗീയത പരസ്യമായതോടെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവ നടീനടന്മാര്‍ മറ്റൊരു സംഘടന രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സംഘടന പിളര്‍പ്പിലേക്ക് നീങ്ങുന്നത്. ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ അമ്മ യോഗം ചേര്‍ന്ന് നടനെ പുറത്താക്കിയിരുന്നു. യുവതാരങ്ങള്‍ പ്രത്യേകിച്ചും പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ദിലീപിനെ പുറത്താക്കണമെന്ന അഭിപ്രായക്കാരായിരുന്നു. പൃഥ്വിരാജിന്റെ ഇഷ്ടത്തിനുവഴങ്ങി മമ്മൂട്ടി ദിലീപിനെ പുറത്താക്കുകയായിരുന്നെന്ന് നടന്‍ ഗണേഷ് കുമാര്‍ പരസ്യമായി പറഞ്ഞതോടെയാണ് സംഘടനയിലെ ഉള്‍പ്പോര് പുറത്തായത്. മാധ്യമ വാര്‍ത്തകള്‍ ശരിവെക്കുന്ന രീതിയിലാണ് അമ്മയ്ക്കുള്ളില്‍ നടന്നതെന്ന് ഗണേഷിന്റെ പരാമര്‍ശം വ്യക്തമാക്കുന്നു. ഗണേഷ് തുറന്നടിച്ചതോടെ പരസ്യമായ വിഴുപ്പലക്കലുകള്‍ വരും ദിവസങ്ങളിലുണ്ടായേക്കാം. പൊതുവെ വിവാദ വിഷയങ്ങളില്‍ നിശബ്ദത പാലിക്കുന്ന പൃഥ്വിരാജ് തനിക്കെതിരായ ആരോപണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ മേഖലയിലെ വനിതകള്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ചത് ആക്രമിക്കപ്പെട്ട നടിക്ക് അമ്മയില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്താല്‍ ഒരുവിഭാഗം അമ്മയെ വിട്ട് മറ്റൊന്ന് രൂപീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെ പവൃഥ്വിരാജിന്റെ പിതാവ് സുകുമാരനെതിരെ വിലക്ക് ഉള്‍പ്പെടെ നിലവിലുണ്ടായിരുന്നു. പൃഥ്വി ഇതിന് പകരംവീട്ടുമെന്നും അടുത്തിടെ സംസാരമുണ്ടായി.

Top