മദ്യവും മയക്കുമരുന്നും ആവോളം, പെണ്‍കുട്ടികളെയും കൂട്ടാം; പൊലീസ് ഭയത്തില്‍ കൊച്ചിയില്‍ നിന്നും മാറ്റിയ റേവ് പാര്‍ട്ടി വാഗമണില്‍

കൊച്ചി: ലഹരി നിറയുന്ന റേവ് പാര്‍ട്ടികള്‍ നിരീക്ഷണത്തിലായതോടെ പുതുവത്സരാഘോഷത്തിന് പുതുവഴി തേടി സംഘങ്ങള്‍ മലകയറുന്നു. പരിസോധനകള്‍ ശക്തമാകുമെന്ന ഭീതിയിലാണ് എറണാകുളത്ത് നടത്തേണ്ടിയിരുന്ന റേവ് പാര്‍ട്ടി വാഗമണിലേക്ക് എത്തുന്നത്. വാഹമണിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ ഗ്രൗണ്ടാണ് ഇപ്പോള്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്.

മ്യൂസിക്കല്‍ പാര്‍ട്ടിയെന്നു സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പാര്‍ട്ടിയില്‍ വ്യാപകമായ മദ്യ ഉപയോഗവും ലഹരി ഉപയോഗവും നടക്കുമെന്നതിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഗമണ്‍ മൊട്ടക്കുന്നില്‍ കെ.ടി.ഡി.സിയുടെ സ്ഥലത്താണു ഡി.ജെ. പാര്‍ട്ടി നടത്താന്‍ ആദ്യം തീരുമാനിച്ചത്. ഇതിന് അനുമതിക്കായി ശ്രമിച്ചെങ്കിലും കൊച്ചിയില്‍നിന്നു മാറ്റുന്ന റേവ് പാര്‍ട്ടികള്‍ വാഗമണില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊട്ടക്കുന്നില്‍ പാര്‍ട്ടി നടത്തുന്നതിന് ഇടുക്കി പോലീസ് അനുമതി നല്‍കിയില്ല. പിന്നീടാണ് സംഗീത നിശ എന്ന പേരില്‍ വഴിക്കടവില്‍ പരിപാടി നടത്താന്‍ അനുമതി വാങ്ങിയത്. വാഗമണ്‍ പരിസരപ്രദേശമാണെങ്കിലും വഴിക്കടവ് കോട്ടയം പോലീസിന്റെ അതിര്‍ത്തിയാണ്.

ഈരാറ്റുപേട്ടയിലുള്ള പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ സ്വാധീനത്തിലാണ് അനുമതി സ്വന്തമാക്കിയത്. പാര്‍ട്ടിയുടെ മറവില്‍ ലഹരിമരുന്ന് ഉപയോഗത്തിനു സാധ്യതയുണ്ടെന്നു രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍, മ്യൂസിക്കല്‍ നൈറ്റ്സ് സംഘാടകരുടെ മൊബൈല്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ മംഗളം ഓണ്‍ലൈനാണ് പുറത്ത് വിട്ടത്.

പാര്‍ട്ടിക്കു രജിസ്റ്റര്‍ ചെയ്യാനാണ് വിളിച്ചതെന്നുപറഞ്ഞപ്പോള്‍, ഒരാള്‍ക്ക് 1400 രൂപയാണ് എന്‍ട്രിയെന്ന് അറിയിച്ചു. ആഘോഷിക്കാനാണ് വരുന്നതെന്നും അതിനുള്ള സൗകര്യങ്ങള്‍ എന്തൊക്കെയുണ്ടെന്നും അന്വേഷിച്ചപ്പോള്‍, ഗ്രൗണ്ടിന് അടുത്തു മുറികളുണ്ടെന്നും അവിടെ വേണമെങ്കില്‍ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ആവാമെന്നും ഗ്രൗണ്ടില്‍ പരസ്യമായി ചെയ്യരുതെന്നുമായിരുന്നു മറുപടി. മുറിക്കുള്‍പ്പെടെ എക്സ്ട്രാ ചാര്‍ജ് ഈടാക്കുമെന്നും അവര്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അതിനു കുഴപ്പമില്ലെന്നും സുരക്ഷ തങ്ങള്‍ ഏല്‍ക്കുമെന്നുമുള്ള ഉറപ്പും കിട്ടി. രാമായണം വായിക്കാനല്ല തങ്ങള്‍ പാര്‍ട്ടി ഒരുക്കുന്നതെന്നും മറുപടി ലഭിച്ചു.

ഇനിയുള്ള വിവരങ്ങള്‍ വാട്ട്സ് ആപ്പ് വഴി കൈമാറാമെന്നും അറിയിച്ചു. സംശയം തോന്നിയതിനാല്‍ പിന്നീട് ലഹരി സെപ്ലെ ചെയ്യില്ലെന്നും കൊണ്ടുവന്നാല്‍ ഉപയോഗിക്കാമെന്നും അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, വന്‍ രാഷ്ട്രീയലോബികള്‍ ഇവര്‍ക്കു പിന്നിലുണ്ടെന്ന സൂചന ലഭിച്ചു. പാര്‍ട്ടിയില്‍ മറ്റാരും നുഴഞ്ഞുകയറാതിരിക്കാന്‍ 100 ഗുണ്ടകളെ ബൗണ്‍സേഴ്സ് എന്ന പേരില്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ഈവെന്റ്മാനേജ്മെന്റ് ഗ്രൂപ്പാണ് പാര്‍ട്ടി നടത്തുന്നത്.

വാഗമണിലും മൂന്നാറിലുമുള്‍പ്പെടെ ലഹരിമരുന്ന് പാര്‍ട്ടികള്‍ നടക്കുമെന്ന രഹസ്യവിവരം നിലനില്‍ക്കെയാണ് സംഗീത നിശയുടെ മറവില്‍ വാഗമണില്‍ രഹസ്യപാര്‍ട്ടി നടക്കുന്നത്. പുതുവത്സരം ലഹരിമയമാക്കാന്‍ കോഴിക്കോട്ടും കൊച്ചിയിലും കോടികളുടെ ലഹരിമരുന്ന് എത്തിയിരുന്നുവെന്നും ഇതിലൊരു ഭാഗം വയനാട്, മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ടെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top