നെഹ്റു കോളേജ് പുതിയ വിവാദത്തില്‍. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് വാര്‍ത്തകളിലിടം നേടിയ പാമ്പാടി നെഹ്‌റു കോളേജില്‍ താടി വളര്ത്തിയതിന്റെ പേരില്‍ നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി.
വിദ്യാര്‍ഥികള്‍ താടി വളര്‍ത്തരുതെന്ന നിബന്ധന നേരത്തെ ഉണ്ടായിരുന്നുവെങ്കിലും കലക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ തീരുമാനം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായുള്ള നടപടിയാണ് ഇപ്പോള്‍ കോളേജ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.
ബി ഫാം നാലാം വര്‍ഷ വിദ്യാര്‍ഥികളെയാണ് താടി വളര്ത്തിയതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. പ്രിന്‍സിപ്പാളും ഫാര്‍മസി കോളേജിലെ അധ്യാപകരുമാണ് താടി വളര്‍ത്തിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
നേരത്തെ ഇളവ് വരുത്തിയ നിബന്ധനകള്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. താടി വളര്‍ത്തരുതെന്ന നിബന്ധന പുനസ്ഥാപിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.
രക്ഷിതാക്കള്‍ കോളേജില്‍ വന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ സമര പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.


