ക്രൈം ഡെസ്‌ക്
കോട്ടയം: ഭർത്താക്കൻമാരെ ലഹരിമരുന്നു നൽകി മയക്കിക്കിടത്തിയ ശേഷം പെൺവാണിഭ സംഘത്തിലേയ്ക്കു വീട്ടമ്മമാരെ തട്ടിക്കൊണ്ടു പോകുന്ന സംഘം പ്രവർത്തിക്കുന്നതായി വൈക്കം സ്വദേശിയുടെ വെളിപ്പെടുത്തൽ. മാഫിയ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാൾ തമിഴ്‌നാട്ടിൽ വച്ച് ഇരുപതു വർഷം മുൻപ് വ്യവസായിയെ കൊലപ്പെടുത്തുന്നതിനു സാക്ഷിയാണെന്നും ഇയാൾ വെളിപ്പെടുത്തി. കോട്ടയം പ്രസ്‌ക്ലബിൽ പത്രസമ്മേളനം നടത്തിയ ആളെ നിമിഷങ്ങൾക്കകം പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വൈക്കം സ്വദേശിയായ സജിയാണ് നാടകീയമായ വെളിപ്പെടുത്തൽ നടത്തി പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. വൈക്കം സ്വദേശിയായ എം.കെ സിബി പത്രസമ്മേളനം നടത്താൻ രംഗത്ത് എത്തിയത്. വൈക്കം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് – സെക്‌സ് റാക്കറ്റിലെ കണ്ണിയാണ് താനെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഈ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് താൻ പ്രവർത്തിച്ചിരുന്നതായും, ഈ സംഘത്തിന്റെ ഭാഗമായിരിക്കെ ഒരു കൊലപാതകക്കേസിൽ സാക്ഷിയായിട്ടുണ്ടെന്നും ഇയാൾ പത്രസമ്മേളനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. സംഭവം വിവാദമായതോടെ പത്രക്കാരിൽ ചിലർ ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു.
ഇതോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം പ്രസ്‌ക്ലബിലേയ്ക്കു കുതിച്ചെത്തി. പ്രതിയെ പൊക്കിയെടുത്ത് അകത്താക്കി. ഇതോടെയാണ് പൊലീസ് ശരിക്കും വെട്ടിലായത്. കേട്ടപാതി കേൾക്കാത്ത പാതി പ്രസ്‌ക്ലബിൽ നിന്നും പ്രതിയെ പൊലീസ് പൊക്കുകയായിരുന്നു. തുടർന്നു ഇയാളെ സ്റ്റേഷനിൽ എത്തിച്ചു പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാളുടെ മാനസിക നിലയ്ക്കു സാരമായി തകരാറുണ്ടെന്നു പൊലീസിനു ബോധ്യമായത്.
ഇയാളുടെ വാക്കുകൾ ഇങ്ങനെയായിരുന്നു – 1997 ലായിരുന്നു സംഭവം. സജി പൊലീസിനോടു വെളിപ്പെടുത്തിയ വാക്കുകൾ ഇങ്ങനെ. കോയമ്പത്തൂരിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു സജിയും അമ്മാവന്റെ മകനും. കോയമ്പത്തൂരിലെ ബസ് സ്റ്റാൻഡിൽ ഇരുവരും വന്നിറങ്ങിയപ്പോൾ വാച്ച് കച്ചവടക്കാരായ മൂന്നു പേർ ഇരുവരെയും സമീപിച്ചു. ആയിരം രൂപയ്ക്കു വാച്ച് വിൽക്കാനായാണ് ഇവർ എത്തിയത്. സജിയും ഒപ്പമുണ്ടായിരുന്ന ആളും വാച്ചിനു 50 രൂപ വില പറഞ്ഞു. ഈ വില കച്ചവടക്കാർ സമ്മതിച്ചെങ്കിലും ഇരുവരും വാച്ച് വാങ്ങാൻ തയ്യാറായില്ല. ഇതോടെ തർക്കമായി. തർക്കത്തിനിടെ തമിഴ്‌നാട് സ്വദേശികളായ കച്ചവടക്കാർ ചേർന്ന് ഇരുവരെയും മർദിച്ചു. ഇതിന്റെ വൈരാഗ്യം മനസിൽ വച്ച ഇരുവരും സമീപത്തെ ബാറിൽ നിന്നു മദ്യപിച്ച ശേഷം പുറത്തിറങ്ങി, കച്ചവടക്കാരെ തിരഞ്ഞു പിടിച്ച് മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഒരാൾ സമീപത്തെ ഓടയിൽ വീണു കിടന്നു. ഇയാളെ ഇവിടെ ഉപേക്ഷിച്ച ശേഷം ഇരുവരും അടുത്ത ബസിൽ കോട്ടയത്തേയ്ക്കു രക്ഷപെട്ടു. പിന്നീട് പല തവണ കോയമ്പത്തൂരിൽ എത്തിയെങ്കിലും ഈ വാച്ച് കച്ചവടക്കാരനെ കാണാൻ സാധിച്ചില്ല. അതുകൊണ്ടു തന്നെ ഇയാൾ മരിച്ചു എന്നാണ് താൻ വിശ്വസിക്കുന്നതെന്നു സജി പൊലീസിനോടു പറഞ്ഞു.
ഇതിനിടെ സജിയുടെ ഭാര്യ ഇയാളുടെ അമ്മാവന്റെ മകനൊപ്പം ഒളിച്ചോടി പോകുകയും ചെയ്തു. സജിയുടെ നിരവധി ബന്ധുക്കളുടെ ഭാര്യമാരും സമാന രീതിയിൽ ഒളിച്ചോടി പോയിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ സെക്‌സ് റാക്കറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ഭാര്യ ഒളിച്ചോടിയതിനു പിന്നിൽ തന്റെ അമ്മാവന്റെ മകനാണെന്നു ചൂണ്ടിക്കാട്ടി ഇയാൾ നേരത്തെ വിവിധ സ്ഥലങ്ങളിൽ പരാതി നൽകിയിട്ടുമുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കുമാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പരാതി വ്യാജമാണെന്നു അറിഞ്ഞതോടെ ഇയാൾ നൽകിയ പരാതിയിൽ ഇതുവരെയും പൊലീസ് നടപടിയെടുത്തിട്ടില്ല. പത്രസമ്മേളനം നടത്തിയ വിവാദം സൃഷ്ടിച്ചതോടെ കസ്റ്റഡിയിൽഎടുത്ത സജിയെ പൊലീസ് ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം വിട്ടയച്ചു.


