നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലിലുള്ള ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതു രണ്ടാം തവണയാണ് നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത്. നേരത്തേ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പും നാദിര്‍ഷായെ 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് അന്വേഷണസംഘം ഹാജരാവാന്‍ നേരത്തേ ആവശ്യപ്പെട്ടപ്പോള്‍ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്. രാവിലെ 10 മണിക്കു ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നാദിര്‍ഷായോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹൈക്കോടതി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. നാദിര്‍ഷാ നേരത്തേ നല്‍കിയ മൊഴികളില്‍ പലതിലും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ വ്യക്തത വരുത്തുകയാവും ഇന്നു പോലീസിന്റെ ലക്ഷ്യം. ദിലീപിനൊപ്പം ജൂണ്‍ 28നു 13 മണിക്കൂറാണ് അന്വേഷണസംഘം നാദിര്‍ഷായെ ചോദ്യം ചെയ്തത്. ഇതിനു ശേഷം നാദിര്‍ഷാ നിലമ്പൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചതായും പല പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയതായും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിരുന്നു. നിലമ്പൂരിലെ റിസോര്‍ട്ടില്‍ വച്ചു മാത്രമല്ല കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചും നാദിര്‍ഷാ ചിലരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പോലീസിനു ലഭിച്ച വിവരം. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഈ രഹസ്യ കൂടിക്കാഴ്ചകള്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി നാദിര്‍ഷാ സംസാരിച്ചതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ദീലിപിന്റ മധ്യസ്ഥനായി നാദിര്‍ഷാ നിന്നുവെന്നതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. നാദിര്‍ഷായ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഫോണ്‍ വിളിയുടെ രേഖകളും പോലീസിന്റെ പക്കലുണ്ടെന്നാണ് വിവരം.


