ന്യൂഡല്‍ഹി: ശ്വാസകോശം സ്‌പോഞ്ചുപോലെയാണ് എന്ന് പറയാന്‍ ഇനി ഗോപനില്ല. മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ശബ്ദം നിലച്ചു. ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും ഒട്ടേറെ പരസ്യചിത്രങ്ങള്‍ക്കു ശബ്ദം നല്‍കിയ കലാകാരനുമായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍ – 79) നിര്യാതനായി.
പുകവലിക്കെതിരായ പരസ്യത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണി മലയാള വിഭാഗത്തില്‍ ജോലി ചെയ്തു. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യത്തിലൂടെയും മലയാളികള്‍ക്കു സുപരിചിതനാണ്. ഭാര്യ: രാധ. മകന്‍: പ്രമോദ്. അഞ്ചു പതിറ്റാണ്ടിലേറെയായി ഡല്‍ഹിയിലായിരുന്നു താമസം.
പഴയ പല തലമുറകള്‍ക്ക് ഗോപന്‍ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. കണ്ടിട്ടിട്ടില്ലാത്തവര്‍ക്കു പോലും സ്വരം കൊണ്ട് ചിരപരിചിതന്‍. എത്രയോ ചരിത്രസംഭവങ്ങള്‍ റേഡിയോ വാര്‍ത്തയിലൂടെ കേരളത്തെ അറിയിച്ച ആള്‍. പക്ഷേ,പുതു തലമുറ പഴയ ഗോപനെ അറിയില്ല. പക്ഷേ ശ്വാസ കോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം അറിയാം.
”ആളുകള്‍ വന്നു വന്ന് എന്നെ ഇപ്പോള്‍ വിളിക്കുന്നത് ‘ശ്വാസകോശം ഗോപന്‍’ എന്നാണ് .അത്രയ്ക്കുണ്ട് പുകവലിയെ കുറിച്ചുള്ള ആ പരസ്യം കൊണ്ടുവന്ന പ്രശസ്തി. തീയറ്ററില്‍ പോയി സിനിമ കണ്ടവര്‍, ടി.വി യില്‍ കണ്ടവര്‍..ആരും മറക്കില്ല. കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം. ഇപ്പോള്‍ മിമിക്രിയിലും ഒരു പാട് പേര്‍ അനുകരിക്കുന്നുണ്ട്…”കഴിഞ്ഞ ഗോപന്‍ തന്നെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
ഡല്‍ഹി ആകാശവാണിയിലെ മലയാള വിഭാഗത്തില്‍ നിന്നെത്തുന്ന വാര്‍ത്താ ബുള്ളറ്റിനുകളിലൂടെയാണ് ഒരുകാലത്ത് മലയാളികള്‍ ലോകത്തെയും രാജ്യത്തെയും നാട്ടിലെത്തന്നെയും വര്‍ത്തമാനങ്ങള്‍ കേട്ടറിഞ്ഞിരുന്നത്. ആകാശവാണി, ഡല്‍ഹി, വാര്‍ത്തകള്‍ വായിക്കുന്നത് എന്നു പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ വായിക്കുന്ന ആളുടെ പേര് മലയാളികള്‍ പൂരിപ്പിച്ചിരുന്നു. ശബ്ദത്തിലും ശൈലിയിലുമുള്ള വൈവിധ്യത്തിലൂടെ കേള്‍വിക്കാരന്റെ കാതുകളില്‍ സ്വന്തം ഇടമുറപ്പിച്ച വാര്‍ത്താ അവതാരകരിലൊരാളായിരുന്നു ഗോപന്‍.


