മലപ്പുറം: നിലമ്പൂർ ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 9 റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5753 കടന്നു. കൗണ്ടിങ് സെന്ററിന് പുറത്ത് വലിയ ആവേശം തീർത്ത് യുഡിഫ്, ലീഗ് പ്രവർത്തകർ ഒത്തുകൂടി. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കറുത്ത കാട്ടാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.
2021 ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 2021ൽ യുഡിഎഫിന് 4,770 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 3614 വോട്ടായി കുറഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായി പിവി അൻവർ മത്സരിച്ചപ്പോൾ 4895 വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫ് വോട്ട് 3195 ആയി കുറഞ്ഞു.
8.15-ഓടെ ആദ്യഘട്ട ഫലസൂചനകൾ ലഭ്യമാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഫലസൂചനകളും വിശകലനങ്ങളും റിപ്പോർട്ടറിൽ തത്സമയം അറിയാം. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
യുഡിഎഫും എൽഡിഎഫും പി വി അൻവറും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വിജയം അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ കണക്ക് റിപ്പോർട്ടറിന് ലഭിച്ചു. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽഡിഎഫിൻ്റെ കണക്കുകൂട്ടൽ. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എൽഡിഎഫ് കണക്കാക്കുന്നത്. എം സ്വരാജ് 80233 വോട്ടുകൾ നേടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 78,595, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് 8335, പി വി അൻവർ 5120 വോട്ടുകൾ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പോത്തുങ്കൽ പഞ്ചായത്തിൽ എം സ്വരാജ് 1042 വോട്ടിൻ്റെ ലീഡ് നേടുമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നത്. കരുളായി പഞ്ചായത്തിൽ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂർ നഗരസഭയിൽ 1007 വോട്ടും സ്വരാജിന് മേൽക്കൈ ഉണ്ടാകുമെന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. വഴിക്കടവ് പഞ്ചായത്തിൽ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യുഡിഎഫിന് ലീഡ് ലഭിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.









