നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഒന്നരയേക്കറില്‍ കോടികള്‍ ചെലവഴിച്ച് നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയാണ് സ്‌ഫോടനത്തില്‍ നിലംപൊത്തിയത്. വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ക്കുകയായിരുന്നു ശ്രമകരം. മുപ്പത് കിലോ സ്‌ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കളും ലേലത്തില്‍ വയ്ക്കും. 33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്.

25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം. ഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 100 കോടിയിലധികം ചെലവ് വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണ്. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. അനധികൃത ബംഗ്ലാവെന്നാണ് ബോംബൈ ഹൈക്കോടതി രൂപാന എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബംഗ്ലാവിനെ വിശേഷിപ്പിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു. നീരവ് മോദി ബിജെപി ബന്ധം പ്രതിപക്ഷം ആരോപിക്കുമ്‌ബോള്‍, തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മഹാരാഷ്ട്ര സര്‍ക്കാരും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top