സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടപടിയില്ല; സരിതയുടെ മൊഴിയില്‍ തട്ടി അന്വേഷണം വഴിമാറുന്നു

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിന് ഉടന്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല. സരിതയുടെ ലൈംഗിക പീഡനപരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് മൊഴിയില്‍നിന്ന് വ്യക്തമാകുന്നതെന്നു സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തി കേസിനെക്കുറിച്ചു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടാല്‍ മാത്രം കേസ് റജിസ്റ്റര്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കുറ്റത്തിനു മാനഭംഗക്കേസും റജിസ്റ്റര്‍ ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രത്യേക സംഘം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കേസുകള്‍ വീണ്ടും അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം അന്വേഷിക്കാന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 11നു ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു ഇത്. അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമാണ് ഇതു സംബന്ധിച്ച ഉപദേശം നല്‍കിയത്.

അതിനിടെ, നിയമസഭയില്‍ വ്യാഴാഴ്ച ഹാജരാക്കുന്ന സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ അച്ചടിക്കായി നിയമവകുപ്പ് തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഏല്‍പിച്ചു. 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയാണ് എംഎല്‍എമാര്‍ക്കു നല്‍കുന്നത്. കമ്മിഷന്‍ മുന്‍പാകെ തെളിവായി ലഭിച്ച ചില സംഭാഷണങ്ങളുടെയും ദൃശ്യങ്ങളുടെയും സിഡിയും സര്‍ക്കാരിനു ലഭിച്ചതായാണു വിവരം.

Top