മന്ത്രിസഭയിൽ മലങ്കര സുറിയാനി സഭകൾക്ക് പ്രാതിനിധ്യമില്ല; യുഡിഎഫ് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം
കോട്ടയം: തദ്ദേശീയ മലങ്കര സുറിയാനി സഭകളെ (യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ, മലങ്കര കത്തോലിക്ക) മന്ത്രിസഭ രൂപീകരണത്തിൽ അവഗണിച്ചുവെന്നാരോപിച്ച് വിവിധ സഭാ വിശ്വാസികളും സമുദായ പ്രവർത്തകരും യുഡിഎഫ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സേവന മേഖലകൾ എന്നിവയിൽ ദീർഘകാലമായി നിർണായക സംഭാവനകൾ നൽകി വന്ന സഭകൾക്ക് രാഷ്ട്രീയ രംഗത്ത് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തിയ മലങ്കര സുറിയാനി സഭകളുടെ നിലപാടുകളും ആവശ്യങ്ങളും യുഡിഎഫ് നേതൃത്വം അവഗണിച്ചുവെന്നാണ് വിശ്വാസികളുടെ ആരോപണം.
മന്ത്രിസഭ രൂപീകരണത്തിൽ മലങ്കര സഭകൾക്ക് മതിയായ പരിഗണന നൽകാതിരുന്നത് സഭകളുടെ ശബ്ദത്തെ അവഗണിക്കുന്ന സമീപനമാണെന്നും അവർ ആരോപിച്ചു.
രാഷ്ട്രീയ പദവികളിലും നിർണായക തീരുമാനങ്ങളിലുമുള്ള മലങ്കര സുറിയാനി സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വഴി സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയ സഭകളെ തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം ഓർക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് ഉമ്മൻ ചാണ്ടി മലങ്കര സഭാ വിശ്വാസികളെ ചേർത്തുപിടിക്കുന്ന സമീപനം സ്വീകരിച്ചിരുന്നുവെന്നും, പി.ജെ. കുര്യൻ അടക്കമുള്ള നേതാക്കൾക്ക് ദേശീയ തലത്തിൽ പരിഗണന ലഭിച്ചിരുന്നുവെന്നും വിശ്വാസികൾ ഓർമ്മിപ്പിച്ചു. നിലവിൽ മലങ്കര സഭാ വിശ്വാസികളായ നേതാക്കളെ അവഗണിക്കുന്ന പ്രവണത ആശങ്കാജനകമാണെന്നും അവർ പറഞ്ഞു.
സി.എം. സ്റ്റീഫന്റെ കാലം മുതൽ കോൺഗ്രസ് പാർട്ടിയിൽ മലങ്കര സഭയിൽ നിന്നുള്ളവരെ അർഹമായ പ്രാധാന്യത്തോടെ ഉൾക്കൊള്ളിക്കുന്ന രീതി ഉണ്ടായിരുന്നുവെന്നും, പി.പി. തങ്കച്ചൻ ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. യുഡിഎഫിലുള്ള കേരള കോൺഗ്രസ് കത്തോലിക്കാ സഭയുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും, കത്തോലിക്കാ സഭയ്ക്ക് ആവശ്യത്തിലധികം പങ്കാളിത്തം മന്ത്രിസഭയിൽ ലഭിച്ചിട്ടുണ്ടെന്നും, ഇത്തവണ മലങ്കര സഭാ വിശ്വാസികളെ പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ കിഴക്കൻ മേഖലകളിലും തിരുവിതാംകൂറിലും സ്വാധീനമുള്ള യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ, മലങ്കര കത്തോലിക്ക സഭകളെ അവഗണിക്കുന്നത് ദീർഘകാലത്തിൽ രാഷ്ട്രീയമായി തിരിച്ചടിയാകാമെന്നും, സഭാ വിശ്വാസികളെയും നേതാക്കളെയും ഉൾക്കൊള്ളുന്ന സമീപനം കോൺഗ്രസ് നേതൃത്വം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, വിഷയത്തിൽ കോൺഗ്രസ് നേതൃത്വം അടിയന്തരമായി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും യഥാർത്ഥ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൂടാതെ, കെപിസിസി പുനഃസംഘടനയിൽ മലങ്കര സുറിയാനി സഭാ വിശ്വാസികളിൽ ഒരാളെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.










