കൊച്ചി:അവിശ്വാസ പ്രമേയത്തിന് നോട്ടിസ് ലഭിച്ചില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ . ഈ മാസം 24 ന് ചേരുന്ന സഭയിൽ പ്രമേയം അനുവദിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിച്ചു. സഭാ ടിവിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും.
സ്വർണക്കടത്തിൽ സർക്കാർ പങ്ക് കൂടുതൽ വ്യക്തമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് സ്പീക്കർ അനുമതി നൽകണം. സ്പീക്കർ ഭീരു ആകരുത്. സ്വർണം എത്തിയത് ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ അനുമതിയോടെയാണ്. മുഴുവൻ രേഖകളും പുറത്തുവിടണമെന്നും ചെന്നിത്തല.അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ചേരുമ്പോൾ അസാധാരണമായ പ്രമേയത്തിന് അനുമതി നൽകണം. സഭ കൂടുന്നതിന് 15 ദിവസം മുൻപ് നോട്ടിസ് നൽകണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. പ്രതിപക്ഷത്തിന് മാത്രമായി എങ്ങനെയാണ് മുൻകൂർ നോട്ടിസ് ബാധകമാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
നേരത്തെ സ്പീക്കർ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം പരിഗണിക്കില്ലെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. മുൻകൂറായി നോട്ടിസ് നൽകിയാലേ പ്രമേയം അവതരിപ്പിക്കാൻ സാധിക്കൂ. ഇത് അംഗീകരിക്കാൻ ആകില്ല. തനിക്ക് എതിരെയുള്ള നോട്ടീസ് ആയതുകൊണ്ട് പരിഗണിക്കാതിരിക്കില്ലെന്നും എന്നാൽ സാങ്കേതികത്വങ്ങൾ പൂർത്തിയാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.