കോൺഗ്രസിൽ കലാപം; ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് പരാതി നൽകും.

തിരുവനന്തപുരം:മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെ സുധാകരനും വി ഡി സതീശനും (”സുസു ഗ്രൂപ്പ് )  ഹൈക്കമാൻഡിന് പരാതി നൽകും.സമ്മർദത്തിന് വഴങ്ങില്ലെന്ന് കെപിസിസി നേതൃത്വം, യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല. യുഡിഎഫ് യോഗത്തിൽ നിന്നും മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ട് നിന്നതിന് പിന്നാലെ നേതാക്കൾക്കെതിരെ ഹൈക്കമാന്റിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.

രണ്ട് നേതാക്കളും ചേർന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നുവെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ ആരോപണം. നിസാരമായ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് അണികളിൽ അവമതിപ്പ് ഉണ്ടാക്കാൻ ഇരുനേതാക്കളും ശ്രമിക്കുന്നുവെന്നും കെ പി സി സി നേതൃത്വം കുറ്റപ്പെടുത്തുന്നു.തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണിയോ​ഗത്തിന് എത്താതിരുന്നത് മന:പൂർവമാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോൾ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വം പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടിയിൽ ഗ്രൂപ്പ് നേതൃത്വങ്ങളെ പൂർണമായും തള്ളിക്കൊണ്ട് മുന്നോട്ട് പോകുന്ന പുതിയ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയിലാണ് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും.ഗ്രൂപ്പുകളെ പാടെ തള്ളി പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള നേതൃത്വത്തിന്റെ തിരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇരു നേതാക്കളും കഴിഞ്ഞ ദിവസം ചേർന്ന യു ഡി എഫ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് പിന്നാലെ ഇരുവരും യോഗത്തിന് എത്താതിരിക്കുകയായിരുന്നു.

എന്നാൽ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പാർട്ടിയിലാണ് പറഞ്ഞ് പരിഹരിക്കേണ്ടതെന്നും യു ഡി എഫ് യോഗത്തിൽ നിന്നും വിട്ട് നിന്നത് ശരിയായ നടപടിയല്ലെന്നും കെ പി സി സി നേതൃത്വം പറയുന്നു. കോൺഗ്രസിൽ തർക്കം രൂക്ഷമായിരുന്നപ്പോൾ പോലും പ്രശ്നങ്ങൾ യു ഡി എഫിലേക്ക് എത്തിച്ചിരുന്നില്ല. സർക്കാരിനെതിരെ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് യോഗം മുന്നണി യോഗം ചേർന്നത്. പരിപാടി ബഹിഷ്കരിച്ച തിരുമാനം ശരിയായ സന്ദേശമല്ല നൽകുന്നതെന്നും നേതൃത്വം പറയുന്നു.

ഈ സാഹചര്യത്തിലാണ് നേതാക്കൾക്കെതിരെ പരാതിയുമായി ഹൈക്കമാന്റിനെ കാണാൻ സംസ്ഥാന നേതാക്കൾ ഒരുങ്ങുന്നത്. ഘടകക്ഷികൾക്കിടയിലും പാർട്ടി അണികൾക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനപൂർവമായ ശ്രമമാണ് നേതാക്കൾ നടത്തുന്നതെന്നും കെ പി സി സി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. കെ പി സി സി പുനഃസംഘടന നടപടികളാണ് പുതിയ തർക്കത്തിന് പാർട്ടിയിൽ വഴിവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന വേണ്ടതില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.

കെ പി സി സി അധ്യക്ഷൻ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിഷ്പക്ഷ നിയമനം ഇനി സാധ്യമാകില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇക്കാര്യം ഹൈക്കമാന്റിനെ ഗ്രൂപ്പ് നേതാക്കൾ അറിയിച്ചെങ്കിലും അനുകൂല നിലപാടായിരുന്നില്ല പക്ഷേ ലഭിച്ചത്. അതേസമയം മുതിർന്ന നേതാക്കളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പുനഃസംഘടന നടപടികൾ പൂർത്തിയാക്കണമെന്ന നിർദ്ദേശം ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നു.

എന്നാൽ ഏകപക്ഷീയമായി ഇടപെടലുകൾ തന്നെയാണ് കെ പി സി സി നേതൃത്വം നടത്തുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നത്. ഇതോടെ പുനഃസംഘടന സംബന്ധിച്ച് പേരുകൾ നിർദ്ദേശിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിട്ട് കൂടി ഗ്രൂപ്പ് നേതാക്കൾ തയ്യാറായിട്ടില്ല.

Top