പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുന്നു; പുതുതായി എത്തുന്നത് ഇരുനൂറിലേറെ ജീവനക്കാർ

സ്വന്തം ലേഖകൻ
ഡബ്ലിൻ : അയർലന്റിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ചതിനാൽ ഇരുന്നൂറോളം ക്ലറിക്കൽ ജീവനക്കാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വർഷം ഇരുന്നൂറ്റമ്പത് പേരെ ജോലിയിൽ പ്രവേശിപ്പിച്ചതിനു പുറമെയാണ് പുതിയ റിക്രൂട്ട്‌മെന്റ്. ബ്രിട്ടന്റെ ഇ.യു പിന്മാറ്റം ഐറിഷ് പൗരത്വത്തിന്റെ ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.
യു.കെയിൽ നിന്നുള്ള ഐറിഷ് പാസ്‌പോർട്ട് അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 74 ശതമാനവും വടക്കൻ അയർലണ്ടിൽ നിന്നുള്ള ഐറിഷ് പാസ്‌പോർട്ട് ആവശ്യക്കാരുടെ എണ്ണം 77 ശതമാനവും വർദ്ധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നതായി ഐറിഷ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ ഉപഭോക്തൃ സേവനങ്ങൾ വിപുലീകരിച്ചും, ജോലിക്കാരെ പുതുതായി നിയമിച്ചുമാണ് വിദേശകാര്യ വകുപ്പ് പാസ്‌പോർട്ട് അപേക്ഷകരുടെ തിരക്ക് നിയന്ത്രിച്ച് വരുന്നത്. വടക്കൻ അയർലന്റിലെ രാഷ്ട്രീയ പ്രതിസന്ധിയും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിനോട് ജനങ്ങൾക്ക് പ്രിയം തോന്നാനുള്ള പ്രധാനകാരണങ്ങളാണ്.
കഴിഞ്ഞ വർഷം വിതരണം ചെയ്ത 730,000 പാസ്‌പോർട്ടുകൾ എന്ന അയർലണ്ടിന്റെ സർവ്വകാല റെക്കോർഡിനെ മറികടക്കുന്നതായിരിക്കും 2017 ലെ പാസ്‌പോർട്ട് വിതരണമെന്ന് അപേക്ഷകരുടെ എണ്ണം ചൂണ്ടിക്കാട്ടി പാസ്‌പോർട്ട് ഓഫീസുകൾ സാക്ഷ്യപ്പെടുത്തുന്നു. 2015 വർഷത്തേക്കാളും ഒൻപത് ശതമാനം വർദ്ധനവാണ് അപേക്ഷകരുടെ എണ്ണത്തിൽ 2016 ൽ ഉണ്ടായത്.
അതുത്തമാസം മുതൽ പാസ്‌പോർട്ട് പുതുക്കൽ നടപടികൾ ഓൺലൈൻ വഴി ക്രമീകസരിക്കാനും യഥാസമയം സ്റ്റാറ്റസ് അറിയുവാനുമുള്ള സംവിധാനങ്ങൾ ഒരുങ്ങികൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയുള്ള വെബ്ബ് ചാറ്റിങ്ങിലൂടെയും അപേക്ഷകർക്ക് ഇനി മുതൽ വിരൽ തുമ്പിലൂടെ വിവരങ്ങൾ അറിയുവാൻ സാധിക്കും.
ഐറിഷ് പാസ്‌പോർട്ട് സ്വന്തമാക്കുന്നതിലൂടെ യൂറോപ്പിലേക്കുള്ള കവാടം തുറന്നുകിട്ടുമെന്നതാണ് അപേക്ഷകരുടെ എണ്ണം വർദ്ധിക്കാനുള്ള പ്രധാന കാരണം. യു.കെ യെ സംബന്ധിച്ച് അയർലന്റിലേക്കുള്ള നോട്ടം ബ്രക്‌സിറ്റിന്റെ വരവോടെ കൂടിവരികയാണ്. ഇ.യു നിയമങ്ങളിൽ നിന്നും വ്യതിചലിച്ചുള്ള ബ്രിട്ടന്റെ നയങ്ങളിൽ തൊട്ടടുത്ത ഇ.യു രാജ്യമെന്ന നിലയിൽ ഏക ആശ്രയം അയർലണ്ട് മാത്രമാണ്.
Top