ബാങ്ക് ഓഫ് അയർലൻഡിന്റെ പേരിൽ വ്യാജ സന്ദേശം: അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇടപാടുകാർക്കു നിർദേശം

സ്വന്തം ലേഖകൻ
ഡബ്ലിൻ: കഴിഞ്ഞ രണ്ടാഴ്ച മുതൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശവും, ഫോൺ കോളുകളും ലഭിക്കുന്നതായി പരാതികൾ ഉയരുന്നു. ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ സംവിധാനം തകരാറിലായതിനാൽ അയച്ച സന്ദേശത്തിൽ നിന്നും ഒരു ലിങ്ക് തുറന്നു വ്യക്തി വിവരങ്ങൾ നൽകാനാണ് നിർദ്ദേശം. ബാങ്കിൽ അകൗണ്ട് ഇല്ലാത്തവർക്കും ഇത്തരം സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് സ്മിഷിങ് എന്ന പേരിൽ അറിയപ്പെടുന്ന ഇന്റർനെറ്റ് തട്ടിപ്പാണെന്നു മനസിലായി. ഉപഭോകതാക്കൾക്ക് ഒരു സംശയവും ജനിപ്പിക്കാത്ത രീതിയിൽ ബാങ്കിൽ നിന്നും നേരിട്ട് വരുന്ന സന്ദേശമായി കരുതിയവർ ചതിക്കുഴിയിൽ വീഴുകയും ചെയ്തു.
വ്യക്തി വിവരങ്ങൾ സന്ദേശങ്ങൾ വഴി ചോദിച്ചറിയാവുന്ന രീതി ബാങ്കുകൾ പിന്തുടരാറില്ല. ബാങ്കിന്റെ ഭാഗത്തു നിന്നും ഇത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്ന് ബാങ്ക് ഓഫ് അയർലൻഡ് അധികൃതർ വ്യക്തമാക്കി. ഈ സന്ദേശത്തോട് പ്രതീകരിച്ചവർ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട അകൗണ്ടുകൾ ഫ്രീസ് ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദേശത്തിൽ പറഞ്ഞതനുസരിച്ച് ഏതെങ്കിലും ലിങ്ക് തുറന്നാൽ മെയിലിലെയോ, ഫോണിലെയോ മുഴുവൻ വിവരങ്ങളും മനസിലാക്കാൻ കഴിയുന്ന സോഫ്‌റ്റ്വെയറുകളും ഉണ്ട്. ഇതുവഴി പണം തട്ടിയെടുക്കാനും കഴിഞ്ഞേക്കും.
സന്ദേശം ലഭിച്ചവർ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് ബാങ്ക് ഓഫ് അയർലൻഡ് പറയുന്നു. സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന ലിങ്കുകൾ തുറക്കാതിരിക്കുക. സന്ദേശം 365securtiy @ boimail .com ലേക്ക് ഫോർവേർഡ് ചെയ്യുക. സന്ദേശം ഡിലീറ്റ് ചെയ്യുക. 1890 365 365 എന്ന ബാങ്ക് ഹെൽപ് ലൈനിൽ വിളിച്ച് സംശയങ്ങൾ ചോദിക്കുക.
Top