പി.പി ചെറിയാൻ
നോർത്ത് കരോളിനാ: ലോകമഹാന്മാരെ തിരഞ്ഞെടുക്കുന്ന ഗാലപ് പോളിൽ ആദ്യ പത്തു പേരിൽ ഇടംകണ്ടെത്തി സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സ്ഥാപകനുമായ ബില്ലിഗ്രഹാം പുതിയ റിക്കാർഡിനിടയമായി. അറുപതാം തവണയാണ് ബില്ലി ഗ്രഹാം ആദ്യ പത്തു പേരുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

2016 വർഷാവസാനം ഗാല്ലപ് പോൾ നടത്തിയ സർവേയിലാണ് പുതിയ പത്തുപേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
1955 മുതൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ബില്ലി ഗ്രഹാം 1962, 1976 വർഷങ്ങളിൽ മാത്രമാണ് പട്ടികയിൽ ഇടംപിടിക്കാതെ പോയിരിക്കുന്നത്. 99 വയസുകാരനായ ഗ്രഹാം ഇതിനിടെ 180 രാജ്യങ്ങളിൽ സന്ദർശനം നടത്തി. 200 മില്യൺ ജനങ്ങളോടു സുവിശേഷം പ്രസംഗിച്ച ഏക സുവിശേഷ പ്രസംഗകനും ഗ്രഹാം ആണെന്നാണ് അധികൃതർ പറയുന്നത്.
1947 ൽ ടെലിവിഷനിലൂടെ ബില്ലിഗ്രഹാം ക്രൂസേഡിനു തുടക്കം കുറിച്ചു. പ്രസ്തുത ക്രൂസേഡിലൂടെ 3.2 മില്യൺ പേർ ക്രിസ്തുവിനെ ജീവിത രക്ഷകനായി അംഗീകരിച്ചിട്ടുണ്ടെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. 2014 വരെ സുവിശേഷ കൺവൻഷനുകളിൽ സജീവമായി പങ്കെടുത്തിരുന്ന ബില്ലി ഇപ്പോൾ ശാരീരിക ക്ഷീണാവസ്ഥയിൽ കഴിയുന്നതിനാൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല.

മാർട്ടിൻ ലൂതർകിങ്ങ് ജൂനിയറുമായി പലവേദികളും പങ്കിട്ട് സുവിശേഷ പ്രഭാഷണം നടത്തിയിട്ടുള്ള ബില്ലിഗ്രഹാം ഒരിക്കൽ അറസ്റ്റിലായ മാർട്ടിൻ ലൂതറെ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറക്കിയിരുന്നു. ലളിതമായ സുവിശേഷത്തിന്റെ പ്രചാരകനായ ബില്ലിഗ്രഹാം നിരവധി തവണ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുണ്ട്.


