സ്വന്തം ലേഖകൻ
ഡബ്ലിൻ:സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബസ് സർവീസായ ബസ് എറാൻ അടുത്ത 18 മാസത്തിനിടെ പാപ്പരായേക്കുമെന്ന് വിദഗദ്ധർ. കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ മോശമായിരിക്കുന്ന അവസ്ഥയിൽ കാര്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാത്തപക്ഷം കമ്പനി കടം കയറി മുടിയുമെന്ന അവസ്ഥയിലാണ് .കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഒരു വർഷത്തിനിടെ പാപ്പരാകുമെന്നും ഗതാഗതമന്ത്രി ഷെയ്ൻ റോസ് കഴിഞ്ഞ വർഷം സൂചിപ്പിച്ചിരുന്നു. 2015ൽ ബസ് എറാന് സംഭവിച്ച നഷ്ടം 5.6 മില്ല്യൺ യൂറോയാണ്. 2016ൽ 6 മില്ല്യൺ യൂറോയും. ഈ വർഷം ഇത് 7 മില്ല്യൺ യൂറോ ആകുമെന്നാണ് പ്രവചനം.
അതേസമയം തകർച്ചയെ ചെറുക്കുന്നതിനായി ഗ്രാന്റ് തോർട്ടൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച്, പ്രവർത്തനത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ബോർഡ് ശ്രമിക്കുന്നതായാണ് ബസ് എറാൻ വക്താവ് കഴിഞ്ഞ ദിവസം നൽകിയ വിവരം. ഇതിൽ ശമ്പളമാറ്റം, റൂട്ട് മാറ്റം, ജോലി സമയം മാറൽ എന്നിവയെല്ലാം ഉൾപ്പെടും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.<
ഇതിനിടെ കമ്പനി കൊണ്ടുവരുന്ന പരിഷ്‌കാരങ്ങൾ യൂണിയനുകൾ എതിർക്കാനാണ് സാധ്യത. നേരത്തെ തന്നെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിയനുകൾ. തൊഴിലാളികളുമായി ധാരണയിലെത്താതെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തിയാൽ സമരത്തിലേയ്ക്ക് നീങ്ങുമെന്നും യൂണിയനുകൾ പറയുന്നു.


