സ്വന്തം ലേഖകൻ
റിയാദ്: വിശ്വസാഹിത്യത്തിലെ സാർവ്വകാലികതയുടെ പ്രതീകമായ ഫ്യോദോർ ദസ്തയെവ്‌സ്‌കിയുടെ സാഹിത്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചില്ല സർഗവേദി സംഘടിപ്പിച്ച പ്രത്യേക പരിപാടി ‘കാലാതീതം ദസ്തയെവ്‌സ്‌കി’ സാഹിത്യകുതുകികൾ അവിസ്മരണീയമാക്കി. മുമ്പേ നടന്നുപോയ എഴുത്തുകാരിൽ നിന്ന് ജീവിതദർശനത്തിനു വേണ്ട പ്രേരണകൾ സ്വീകരിക്കുകയും പിറകെ വന്നവരെ ആഴത്തിൽ പ്രചോദിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ദസ്തയേവ്‌സ്‌കി എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ട് ഇഖ്ബാൽ കൊടുങ്ങല്ലൂർ അഭിപ്രായപ്പെട്ടു.
‘ദസ്തയെവ്‌സ്‌കിയുടെ സ്ത്രീ കഥാപാത്രങ്ങൾ’ എന്ന വിഷയം ആർ.മുരളീധരനും ‘ദസ്തയെവ്‌സ്‌കിയൻ തത്വശാസ്ത്രം’ ഷമീം താളാപ്രത്തും അവതരിപ്പിച്ചു. പുരുഷനിയന്ത്രിത സമൂഹത്തിന്റെ മേൽ സ്ത്രീകൾ അവരുടെ അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിന്റെ ഉത്തമ മാതൃകകളാണ് ദസ്തയേവ്‌സ്‌കിയുടെ സ്ത്രീ കഥാപാത്രങ്ങളെന്ന് ആർ മുരളീധരൻ നിരീക്ഷിച്ചു. മനഃശാസ്ത്രാന്വേഷണങ്ങളിൽ സാഹിത്യത്തിന്റെ സാദ്ധ്യതകൾ തുറന്നുവിട്ട ദസ്തയേവ്‌സ്‌കി സർവ്വകാലത്തേക്കും പരന്നുകിടക്കുന്ന എഴുത്തുകാരനാണെന്ന് ശമീം താളാപ്രത്ത് വിലയിരുത്തി.
ദസ്തയെവ്‌സ്‌കിയുടെ വിഖ്യാത നോവൽ ‘കുറ്റവും ശിക്ഷയും’ ജയചന്ദ്രൻ നെരുവമ്പ്രം അവതരിപ്പിച്ചു. മനുഷ്യന്റെ അന്തഃസംഘർഷങ്ങളെ ഏറ്റവും നന്നായി അപഗ്രഥിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്‌സ്‌കി എന്ന വിശേഷണം ‘കുറ്റവും ശിക്ഷയും’ എന്ന നോവൽ തെളിയുക്കുന്നതാണെന്നും സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് ഇതിലൂടെ നോവലിസ്റ്റ് പറയുന്നതെന്നും ജയചന്ദ്രൻ നിരീക്ഷിച്ചു. ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ദസ്തയെവ്‌സ്‌കി സൃഷ്ടിച്ച കഥാപാത്രങ്ങളെന്ന് ‘നിന്ദിതരും പീഡിതരും’ എന്ന പുസ്തകത്തിന്റെ വായാനാനുഭവം പങ്കിട്ട വിപിൻ അഭിപ്രായപ്പെട്ടു. സാഹിത്യചരിത്രത്തിലെ ഏറ്റവും ഉത്കൃഷ്ടവും പ്രശസ്തവും ശ്രേഷ്ഠവുമായ നോവലാണ് ‘കാരമസോവ് സഹോദന്മാർ’ എന്ന് പുസ്തകത്തിന്റെ ആസ്വാദനം നടത്തിക്കൊണ്ട് ഇഖ്ബാൽ കൊടുങ്ങല്ലൂർ പറഞ്ഞു. വായനക്കാരനെ നിരന്തരം വായിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകങ്ങളിലൊന്നാണ് ഇതെന്നും ഇഖ്ബാൽ പറഞ്ഞു. എ.പ്രദീപ് കുമാർ, മുനീർ വട്ടേക്കാട്ടുകര, എം.ഫൈസൽ എന്നിവർ സംസാരിച്ചു. ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായി. ബീന, നിജാസ്, ജോസഫ് അതിരുങ്കൽ, നജിം കൊച്ചുകലുന്ക്, റഫീഖ് പന്നിയങ്കര, ഡാർലി തോമസ്, സിജിൻ കൂവള്ളൂർ,അഖിൽ അബ്ദുള്ള, നജ്മ നൌഷാദ്, മിനി നന്ദൻ, നന്ദകുമാർ, നാസി, അഖിൽ ഫൈസൽ, ഷഫീഖ്, റാഷിദ് ഖാൻ, അബ്ദുൽസലാം, സുജിത് സുബ്രഹ്മണ്യൻ, അൻവർ പിവി, സുരേഷ് ബാബു, ഹരികൃഷ്ണൻ, മുഹമ്മദ് ജുനൈദ്, നൌഫൽ പാലക്കാടൻ, ജാബിരലി, നിബു വർഗീസ്, ശിഹാബ് കുന്ചീസ്, കെ.എ സലിം എന്നിവർ സംബന്ധിച്ചു.
ഫോട്ടോ : റിയാദിൽ ചില സർഗവേദി സംഘടിപ്പിച്ച ‘കാലാതീതം ദസ്തയെവ്‌സ്‌കി’ എന്ന പരിപാടി ഇഖ്ബാൽ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.


