നവയുഗവും, ഹൈദരാബാദ് അസ്സോസ്സിയേഷനും കൈകോർത്തു; മേരിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞു

സ്വന്തം ലേഖകൻ

ദമ്മാം: ശമ്പളം കിട്ടാതെയും, ആരോഗ്യപ്രശ്‌നങ്ങളാൽ വലഞ്ഞും വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും, ഹൈദരാബാദ് അസ്സോസ്സിയേഷന്റെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്ര പൂന സ്വദേശിനിയായ മേരി മൈക്കൽ ഡിസൂസ ഒരു വർഷം മുൻപാണ് ജുബൈലിലെ ഒരു സൗദി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി വന്നത്. ഏറെ വയസ്സായ അവരെ, മുംബൈയിലെ ഒരു വിസ ഏജന്റ് നല്ലൊരു തുക സർവ്വീസ് ചാർജ്ജായി വാങ്ങി, അനധികൃതമായി മറ്റൊരു ഗൾഫ് രാജ്യം വഴി സൗദിയിലേക്ക് കടത്തുകയായിരുന്നു. ഈ ജോലി വഴി തന്റെ കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ ഇല്ലാതാക്കാം എന്ന പ്രതീക്ഷയുമായാണ് മേരി പ്രവാസലോകത്തേയ്ക്ക് എത്തിയത്.

എന്നാൽ ജോലിസ്ഥലത്തെ അവസ്ഥ ഒട്ടും മെച്ചമായിരുന്നില്ല. രാപകൽ വ്യത്യാസമില്ലാതെ വിശ്രമമില്ലാത്ത ജോലി മേരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഷുഗർ, ബ്ലഡ്പ്രഷർ എന്നിവ കൂടുതലായി, മേരിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. ആദ്യ നാലുമാസം ശമ്പളം മുടങ്ങാതെ കിട്ടിയെങ്കിലും, പിന്നീട് മാസങ്ങളോളം ശമ്പളം കിട്ടാതെയായി.   നാട്ടിലേയ്ക്ക് പണമയയ്ക്കാൻ കഴിയാതെയായതോടെ പ്രതിസന്ധിയിലായ കുടുംബത്തിന്റെ അവസ്ഥയോർത്ത് മേരി മാനസികമായും തളർന്നു. ഒടുവിൽ ആരുമറിയാതെ  ആ വീട്ടിന് പുറത്തു കടന്ന മേരി, ദമ്മാമിലെ ഇന്ത്യൻ എംബസ്സി ഹെൽപ്പ്‌ഡെസ്‌ക്കിൽ പോയി പരാതി പറഞ്ഞു. എംബസ്സി അധികൃതർ അറിയിച്ചതനുസരിച്ചു വന്ന സൗദി പോലീസ്, അവരെ വനിതഅഭയകേന്ദ്രത്തിൽ എത്തിച്ചു.

വിവരമറിഞ്ഞ് വനിത അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട്, മേരി നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും  മേരിയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, വൻതുക നഷ്ടപരിഹാരം കിട്ടാതെ ഫൈനൽ എക്‌സിറ്റ് നൽകില്ല എന്ന പിടിവാശിയിലായിരുന്നു സ്‌പോൺസർ. ഒത്തുതീർപ്പുകൾക്കൊന്നും അയാൾ വഴങ്ങാത്തതിനാൽ മേരിയ്ക്ക് നാലുമാസത്തോളം വനിതഅഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്നു.

നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്ക് ഒടുവിൽ സ്‌പോൺസർ നിലപാട് മയപ്പെടുത്തി, ഫൈനൽ എക്‌സിറ്റ് നൽകി. നവയുഗം ജീവകാരുണ്യപ്രവർത്തകരിൽ നിന്നും വിവരമറിഞ്ഞ ഹൈദരാബാദ് അസ്സോസ്സിയേഷൻ ഭാരവാഹികൾ മേരിയ്ക്ക് സൗജന്യമായി വിമാനടിക്കറ്റ് നൽകി.

സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മേരി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മേരി മൈക്കൽ ഡിസൂസയ്ക്ക് ഹൈദരാബാദ് അസ്സോസ്സിയേഷൻ ഭാരവാഹികൾ വിമാനടിക്കറ്റ് കൈമാറുന്നു.

Top