ഡോറിസ് കൊടുങ്കാറ്റ് എത്തുന്നു; മുന്നറിയിപ്പുമായി മെറ്റ് എറൈൻ

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ഭീതി വിതച്ച് ഡോറിസ് കൊടുങ്കാറ്റ് ഇന്ന് അയർലൻഡിലെ തീരത്തെത്തുമെന്നു മെറ്റ് ഐറൈൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.  പൊതുവെ വരണ്ട അന്തരീക്ഷം നിലനിൽക്കുന്ന അയർലണ്ടിൽ ഉച്ചതിരിഞ്ഞ് കാലാവസ്ഥയിൽ മാറ്റമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. കണക്ട്കട്ട്, ലിൻസ്റ്റർ, മൺസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ യെല്ലോ വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറിൽ 110 കിലോ.മീ വേഗതയിൽ രാജ്യത്ത് പ്രവേശിക്കുന്ന ഈ കൊടുങ്കാറ്റ് തെക്ക്പടിഞ്ഞാറാറും, കിഴക്കൻ മേഖലയിലും ആഞ്ഞ് വീശിയടിക്കും. ഇന്ന് രാത്രി മുതൽ രാജ്യത്തിന്റെ വടക്കൻ മേഖലയിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അത്‌ലാന്റിക് സമുദ്ര ബെൽറ്റിൽ ന്യൂനമർദ്ദം രൂപപ്പെട്ടത് ശക്തമായ മഴയുടെ മുന്നറിയിപ്പായാണ് കാലാവസ്ഥ വിഭാഗം കണക്കാക്കുന്നത്. 6 ഡിഗ്രി മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രാജ്യത്ത് താപനിലയെങ്കിലും മഴയെ തുടർന്ന് ശൈത്യം കൂടിവരാനും സാധ്യതയുണ്ട്. മഴയും മഞ്ഞും ഇടകലർന്നുള്ള അന്തരീക്ഷം വ്യാഴാഴ്ചയ്ക്ക് ശേഷം ശാന്തമാകുമെന് പ്രതീക്ഷിക്കപ്പെടുന്നു.
ഇന്നും നാളെയും പരമാവധി കടൽത്തീരങ്ങളിൽ പോകാതിരിക്കാൻ ശ്രമിക്കാനും മെറ്റ് ഐറാൻ അധികൃതർ നിർദ്ദേശിക്കുന്നു. കാറ്റിന്റെ വേഗതയ്‌ക്കൊത്ത തിരയിളക്കം അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാലാണ് ഈ അറിയിപ്പ്. നാളെ പുറത്തിറങ്ങി നടക്കുന്നവരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാനും നിർദേശമുണ്ട്.
ഡോറിസ് കൊടുങ്കാറ്റ് അയർലന്റിന് പുറമെ യു.കെയിലും പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെയിൽസിലും ഇംഗ്ലണ്ടിലും കാലാവസ്ഥ മുന്നറിയിപ്പ് നിലവിൽ വന്നു കഴിഞ്ഞു.
Top