ഡബ്ലിൻ വിമാനത്താവളത്തിൽ ഡ്രോണുകൾക്കു വിലക്ക്; വിമാനത്തിനു സമീപത്തു കൂടി ഡ്രോൺ പറക്കുന്നത് ഭീഷണി

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് റൺവേക്ക് സമീപം ഡ്രോണുകൾ പറക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി ഐറിഷ് ഏവിയേഷൻ അതോറിറ്റി. വിമാനത്തിന് തൊട്ടടുത്തുകൂടി ഇവ പറക്കുന്നത് ശ്രദ്ധയിൽപെട്ടതാണ് നിരോധനം ഏർപ്പെടുത്താൻ കാരണമായത്. ഡ്രോണുകൾ വിമാനങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങൾ പതിവായതോടെയാണ് നിയമം കർശനമാക്കിയത്.
ഒരു കിലോയിൽ കൂടുതൽ ഭാരമുള്ള ഡ്രോണുകൾ ഉപയോഗിക്കേണ്ടവർ ഏവിയേഷൻ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ  ചെയ്യണം. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന നിർദ്ദേശവും ഏവിയേഷൻ അതോറിറ്റി നൽകിവരുന്നുണ്ട്. രജിസ്‌ട്രേഷൻ 5 യൂറോ അടച്ച് രണ്ടു വർഷത്തേക്ക് ഡ്രോൺ പറത്താം. ഒരാൾക്ക് എത്ര ഡ്രോണുകൾ വേണമെങ്കിലും ഉപയോഗിക്കാം. രജിസ്റ്റർ ചെയ്ത് വിവരങ്ങളും, സ്ഥലവും രേഖപ്പെടുത്തണമെന്ന നിബന്ധന മാത്രമേ ഉള്ളൂ.
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ 2013നും 2015നും ഇടക്ക് വിമാനങ്ങളും, ഡ്രോണുകളും അടുത്ത് വന്ന 856 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇ.യുവിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ നിയമം നടപ്പിൽ വരുത്തുന്നതെന്ന് ഡബ്ലിൻ എയർപോർട്ട് വ്യക്തമാക്കി. സിനിമ നിർമ്മാണ രംഗത്തും, അല്ലാതെയും ഡ്രോണുകൾ സാർവത്രികമായി ഉപയോഗത്തിലുള്ളതിനാൽ ഇവയുടെ പ്രവർത്തനം എയർപോർട്ട് നിരീക്ഷിച്ചു വരികയായിരുന്നു. ഡബ്ലിൻ എയ്‌റോ സ്‌പെയ്‌സിലൂടെ ഡ്രോൺ പറത്തിവിടുന്നത് നിയമ വിരുദ്ധമായ പ്രവർത്തിയായി കണക്കാക്കപ്പെടുന്നു.
Top