സ്വന്തം ലേഖകൻ
ദമ്മാം: നവയുഗം സാംസ്‌കാരികവേദിയും, ഹൈദരാബാദ് അസോസ്സിയേഷനും ഇന്ത്യൻ എംബസ്സിയും കൈകോർത്തപ്പോൾ, മൂന്നു മാസമായി ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തെലുങ്കാന സ്വദേശിനിയ്ക്ക്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞു.
ഹൈദരാബാദ് സ്വദേശിനിയായ ഉമ്മെ ഹാനി ഒൻപതു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. ആറുമാസക്കാലം ആ വീട്ടിൽ രാപകലില്ലാതെ കഠിനമായി ജോലി ചെയ്തിട്ടും, ആകെ ഒരു മാസത്തെ ശമ്പളമേ ഉമ്മെ ഹാനിയ്ക്ക് കിട്ടിയുള്ളൂ. സ്‌പോൺസറോട് പലപ്രാവശ്യം കരഞ്ഞു പറഞ്ഞു നോക്കിയിട്ടും കുടിശ്ശിക ശമ്പളം കിട്ടിയില്ല. ആകെ ദുരിതത്തിലായ ഉമ്മെ ഹാനി, ഒടുവിൽ ആരുമറിയാതെ പുറത്ത് കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. സൗദി പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ഉമ്മെ ഹാനി തന്റെ അവസ്ഥ പറഞ്ഞ്, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു ഈ വിവരം ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, ഉമ്മെ ഹാനിയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്താൻ ശ്രമിയ്ക്കുകയും ചെയ്തു. എന്നാൽ ഉമ്മെ ഹാനിയുടെ ഒരു കാര്യവും തനിയ്ക്കറിയണ്ട എന്ന നിഷേധനിലപാടിലായിരുന്ന സ്‌പോൺസർ, ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറായില്ല. ഇത് മൂലം ഉമ്മെ ഹാനിയുടെ വനിതാ അഭയകേന്ദ്രത്തിലെ താമസം മൂന്നു മാസത്തോളം നീണ്ടു. കുടിശ്ശികശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങിയാൽ മതി എന്ന ഉമ്മെ ഹാനിയുടെ അഭ്യർത്ഥനയെത്തുടർന്ന്, മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി ഉമ്മെ ഹാനിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.
നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്, ഉമ്മെ ഹാനിയ്ക്ക് ഹൈദരാബാദ് അസ്സോസ്സിയേഷൻ ഭാരവാഹിയും, എംബസ്സി വോളന്റീർ കോർഡിനേറ്ററുമായ മിർസ ബൈഗ് വിമാനടിക്കറ്റ് നൽകി.
തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഉമ്മെ ഹാനി നാട്ടിലേയ്ക്ക് മടങ്ങി
ഫോട്ടോ: ഉമ്മെ ഹാനിയ്ക്ക് മിർസ ബൈഗ് സാഹിബ് യാത്രരേഖകൾ കൈമാറുന്നു.


