സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹോംലെസ് ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുന്നതിനിടെ വീടില്ലാത്തതിനെ തുടർന്നു തെരുവിൽ അന്തിയുറങ്ങിയത് ആയിരത്തോളം ആളുകൾ. കഴിഞ്ഞ ദിവസം ഹോംലെസ് ചാരിറ്റി ഗ്രൂപ്പ് തയ്യാറാക്കിയ കണക്കിലാണ് ആയിരത്തിലേറെ ആളുകൾ വീടില്ലാത്തതിനെ തുടർന്നു തെരുവിൽ അന്തിയുറങ്ങുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ തെരുവിലുറങ്ങുന്നവരുടെ എണ്ണം ആശങ്കാജനകമാണെന്നു ഹോംലെസ് ചാരിറ്റി ഗ്രൂപ്പായ ഇന്നർ സിറ്റി ഹെൽപ്പിങ് ഹോംലെസ് അധികൃതർ വ്യക്തമാക്കി.തണുപ്പ് അതിന്റെ ഏറ്റവും ഉച്ഛസ്ഥായിയിൽ എത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്തെ തെരുവിൽ ഉറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നത്. ഇത് തെരുവിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയെ പോലും ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു തെരുവിൽ കഴിയുന്നവരുടെ എണ്ണത്തിൽ പത്തു ശതമാനത്തിന്റെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ തെരുവുകളിൽ മരണം വരെ സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെപ്പറ്റി ഉടൻ ചർച്ച നടത്തുമെന്നു എമർജൻസി അക്കോമഡേഷൻ അധികൃതർ വ്യക്തമാക്കി.


