സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളിൽ എത്തിച്ചേരുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജോലി ഭാരം ക്രമാതീതമായി വർധിച്ചതായി റിപ്പോർ്ട്ട്. ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം റെക്കോർഡ് എണ്ണത്തിലെത്തി. അതേസമയം ഇവരെ പരിചരിക്കാൻ വേണ്ടത്ര നഴ്‌സുമാർ ആശുപത്രികളിലില്ല എന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇത്രയും പേരെ പരിചരിക്കുന്നതിനിടെ രോഗികളുടെ ജീവനു വരെ ഭീഷണിയായേക്കാവുന്ന തെറ്റുകൾ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയുണ്ടെന്നും നഴ്‌സുമാർ തുറന്നു സമ്മതിക്കുന്നു.
രോഗികൾക്ക് ബെഡ്ഡ് കിട്ടാത്ത അവസ്ഥയും എരിതീയിൽ എണ്ണയൊഴിക്കുകയാണ്. പലരും ട്രോളികളിലാണ് ചികിത്സ തേടുന്നത്. ഇതിനു പുറമെ മണിക്കൂറുകളോളം കാത്തിരിപ്പും വേണ്ടിവരുന്നു.ഇന്നലെ ചികിത്സ തേടിയെത്തിയവരിൽ പലർക്കും ഇന്ന് വെളുപ്പിനെ പോലും ഒരു ഡോക്റ്ററുടെയോ നഴ്‌സിന്റെയോ സഹായവും കിട്ടാത്ത നിരവധി കേസുകളുണ്ട്.ഇതെല്ലാം പരിഗണിച്ചു ആരോഗ്യമേഖലയിൽ അടിയന്തരവസ്ഥ പ്രഖ്യാപിക്കണമെന്ന് മന്ത്രി ഷെയിൻ റോസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതിക്ക് മാറ്റമുമുണ്ടാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമ്പോൾ അവർ കൈമലർത്തുകയാണെന്ന് നിന്ന് തിരിയാൻ ഇടം കിട്ടാതെ പൊരുതുന്നനഴ്‌സുമാർ പറയുന്നു. കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ പല കാരണങ്ങളാൽ അധികൃതർക്ക് കഴിയുന്നില്ല. മതിയായ ട്രോളികളും പലപ്പോഴും ലഭിക്കാറില്ലെന്നു നഴ്‌സുമാർ വ്യക്തമാക്കുന്നു.
ആശുപത്രികളിലെ ഈ അവസ്ഥ കാണുമ്പോൾ അവിടെയെത്തുന്ന രോഗികൾ ചോദിക്കുന്ന ചോദ്യം, നിങ്ങൾ എങ്ങനെയാണ് ഇവിടെ ജോലി ചെയ്യുന്നത് എന്നാണത്രേ. അതു തന്നെയാണ് പലപ്പോഴും തങ്ങൾക്കും തോന്നാറുള്ളതെന്ന് അയർലണ്ട് ആശുപത്രികളിലെ പൊതുവെയുള്ള സ്ഥിതി വ്യക്തമാക്കിക്കൊണ്ട് നഴ്‌സുമാർ പറയുന്നു.
ഒരേസമയം ധാരാളം രോഗികളെ പരിചരിക്കേണ്ടിവരുമ്പോൾ തങ്ങൾ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്നും നഴ്‌സുമാർ വ്യക്തമാക്കുന്നു. ഒരു രോഗിക്ക് കൊടുക്കാനുള്ള ഇഞ്ചക്ഷൻ മാറിപ്പോകുക, വേണ്ട മരുന്ന് കൊടുക്കാൻ മറന്നു പോകുക എന്നിങ്ങനെ സമ്മർദ്ദം കൂടുമ്പോൾ മറവികളും തെറ്റുകളും സംഭവിക്കുന്നു. നഴ്‌സിങ് ജോലി വളരെ ഇഷ്ടത്തോടെ കാണുന്ന നഴ്‌സുമാരെപ്പോലും പിന്തിരിപ്പിക്കുന്നതാണ് നിലവിൽ ഈ മേഖലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ. പിന്നെങ്ങനെ ജോലി തേടി വിദേശത്ത് പോകാതിരിക്കുമെന്നും ഇവർ ചോദിക്കുന്നു. 2016 ജനുവരി 10ന് ആശുപത്രികളിലെ ജനത്തിരക്ക് എങ്ങനെ കൈകാര്യം ചെയ്യാമെന്നതു സംബന്ധിച്ച് വർക്ക് പ്ലേസ് റിലേഷൻസ് കമ്മിഷനുമായി ചർച്ചയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരു വർഷം കൂടി കടന്നുപോകുമ്പോഴും സ്ഥിതിഗതികൾ യാതൊരു മാറ്റവുമില്ലാതെ തുരുകയാണ്.
അതേസമയം ഇത്രയും കഷ്ടതയനുഭവിച്ച് ജോലി ചെയ്യുമ്പോഴും തങ്ങൾക്ക് വേണ്ട പരിഗണനയോ പ്രത്സാഹനമോ കിട്ടാറില്ലെന്ന് നഴ്‌സുമാരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ കുറവ് തന്നെയാണ്. മതിയായ വിശ്രമസമയം പോലും ലഭിക്കുന്നില്ല. രാത്രികളിൽ സ്ഥിതി ഏറെ വഷളാകുന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്ന ഏക ആളുകൾ രോഗികൾ മാത്രമാണെന്ന് നഴ്‌സുമാർ പറയുന്നു. അവർ തങ്ങളോട് ഒന്നിനെപ്പറ്റിയും പരാതിപ്പെടാറില്ല. തങ്ങൾ കഷ്ടപ്പെടുന്നതു കാണുന്ന അവരാണ് മുന്നോട്ടുപോകാനുള്ള ശക്തി പകരുന്നത്.നഴ്‌സുമാർ പറയുന്നു.


